ന്യൂയോർക്ക്: ഇരുപത്തഞ്ചു വർഷത്തിനുശേഷം പോളിയോ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഗാസയിൽ ഒരാഴ്ചത്തെ വാക്സിനേഷൻ ദൗത്യം നടപ്പാക്കാനുള്ള ശ്രമത്തിൽ ഐക്യരാഷ്ട്രസഭ. ഇതിനായി ഇസ്രയേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം നിർത്തിവയ്പിക്കാൻ യുഎൻ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
പത്തുമാസം പ്രായമുള്ള ശിശുവിനാണ് പോളിയോ സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ ഒരു കാൽ തളർന്നുപോയി. കുഞ്ഞിന് വാക്സിൻ ലഭിച്ചിരുന്നില്ല. ടൈപ് രണ്ട് പോളിയോ വൈറസ് മുഖാന്തിരമുള്ള രോഗം 25 വർഷത്തിനു ശേഷമാണ് ഗാസയിൽ സ്ഥിരീകരിക്കുന്നത്.
ഇസ്രേലി ആക്രമണത്തിൽ ശുദ്ധജല, ശുചിത്വ സംവിധാനങ്ങൾ തകർന്നതും പോളിയോ വാക്സിനേഷൻ പദ്ധതി അവതാളത്തിലായതുമാണു കാരണമെന്ന് മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളെ ബാധിക്കുന്ന പോളിയോ രോഗം മലിനജലത്തിലൂടെയാണ് പടരുന്നത്.
ഗാസയിൽ വരുന്നയാഴ്ചകളിൽ വാക്സിൻ വിതരണ പദ്ധതികൾ നടപ്പാക്കാൻ ആലോചിക്കുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് ഗെബ്രെയേസൂസ് പറഞ്ഞു. പത്തു വയസിൽ താഴെയുള്ള 6.4 ലക്ഷം കുട്ടികൾക്കാണ് വാക്സിൻ വിതരണം ചെയ്യേണ്ടത്.
പതിനായിരക്കണക്കിനു കുട്ടികൾ രോഗഭീഷണിയിലാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് ചൂണ്ടിക്കാട്ടി. വാക്സിൻ ദൗത്യം വിജയിക്കണമെങ്കിൽ ആവശ്യമായ അളവിൽ മരുന്നും പോളിയോ വിദഗ്ധരും ഗാസയിലെത്തണം.
ഇന്ധനം, ഫണ്ട്, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയുണ്ടാകണം. ആരോഗ്യപ്രവർത്തകരുടെയും വാക്സിനെടുക്കാനെത്തുന്നവരുടെയും സുരക്ഷ ഉറപ്പവരുത്തണമെന്നും ഗുട്ടെരസ് കൂട്ടിച്ചേർത്തു.