മുണ്ടക്കയം: കൊല്ലമുളയില്നിന്നും കാണാതായ ദിവസം ഉച്ചയോടെ ജെസ്ന മരിയ മുണ്ടക്കയം ഈട്ടിക്കല്‍ ലോഡ്ജില്‍ മുറിയെടുത്തുവെന്നും അവിടെയെത്തിയ യുവാവിനൊപ്പം വൈകുന്നേരം മടങ്ങിയെന്നും അവകാശപ്പെടുന്ന പനയ്ക്കച്ചിറ സ്വദേശി രമണിയില്നിന്നും സിബിഐ വിശദീകരണം തേടി.
മുണ്ടക്കയം ടിബിയില്‍ ഇന്നലെ രണ്ടംഗ സിബിഐ സംഘം രമണിയില്നിന്നും രണ്ടര മണിക്കൂര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. 2018 മാര്‍ച്ച് 22ന് ജെസ്നയെ കാണാതാതായി നാലു വര്‍ഷത്തിനുശേഷം വൈകി വെളിപ്പെടുത്തല്‍ നടത്തേണ്ടിവന്നതില്‍ കുറ്റബോധമുണ്ടെന്നും മുന്‍പ് വെളിപ്പെടുത്താന്‍ ലോഡ്ജ് ഉടമ ബിജു വര്‍ഗീസ് അനുവദിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
പറയേണ്ടതെല്ലാം സിബിഐയോടു പറഞ്ഞെന്നും ശേഷിക്കുന്നത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും രമണി മാധ്യമങ്ങളോടു പറഞ്ഞു. ബിജുവുമായി വ്യക്തിവിരോധം തീര്‍ക്കാനല്ല ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും പറഞ്ഞു.
ജെസ്ന തിരോധാനത്തില്‍ തുടര്‍ അന്വേഷണം നടത്താന്‍ രണ്ടു മാസമായി സിബിഐ മുണ്ടക്കയം, എരുമേലി പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ബിജു വര്‍ഗീസിനെയും ഇന്നലെ രമണിയെയും സിബിഐ വിളിച്ചുവരുത്തി സംസാരിച്ചത്.
ലോഡ്ജില്‍ ജെസ്ന താമസിച്ചതായി പറയുന്ന മുറിയും പരിസരവും ഓഫീസ് രേഖകളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ബിജു, രമണി എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ യാതൊരു വിവരങ്ങളും പുറത്തുവിടാനോ മാധ്യമങ്ങളോടു സംസാരിക്കാനോ സിബിഐ തയാറായില്ല.