നെയ്യാറ്റിന്‍കര : സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയും അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ട് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിക്കുന്നുവെന്ന നിഗമനത്തിന് ആക്കം കൂട്ടും വിധത്തില്‍ അമരവിള ചെക്പോസ്റ്റില്‍ കഴിഞ്ഞ ദിവസം നാലു കിലോ കഞ്ചാവുമായി ബസ് യാത്രക്കാരന് പിടിയിലായി, ബാംഗ്ലൂരില്‍ നിന്നും വാങ്ങിയ നാലു കിലോ കഞ്ചാവുമായി ഇയാള്‍ ആദ്യം എത്തിച്ചേര്‍ന്നത് നാഗര്‍കോവിലാണ്.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ചെറുപൊതികളായാണ് കഞ്ചാവ് ആവശ്യക്കാര്‍ക്ക് ഇയാൾ നല്‍കുകയെന്ന് എക്സൈസ് പറഞ്ഞു.
അമരവിള എക്സൈസിനെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ പൊതുഗതാഗത വാഹനങ്ങളില്‍ കഞ്ചാവും മറ്റു ലഹരി പദാര്‍ഥങ്ങളും കടത്തുന്നത് തലവേദനയാണ്. ഏതെങ്കിലും വിധത്തിലുള്ള രഹസ്യ വിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും പരിശോധനകള്‍ നടത്തുന്നത്. യാത്രാവാഹനങ്ങള്‍ പരിശോധിച്ച് ഈ വക സാമഗ്രികളൊന്നും ലഭിച്ചില്ലെങ്കില്‍ യാത്രക്കാരുടെ പഴി കേള്‍ക്കേണ്ടി വരുമെന്നത് പച്ചപരമാര്‍ഥം.
നെയ്യാറ്റിന്‍കര താലൂക്കിലെ ഏറെ പ്രധാനപ്പെട്ട എക്സൈസ് റേഞ്ചായ അമരവിളയുടെ പരിധിയ്ക്കുള്ളില്‍ എട്ടു പഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു.
തമിഴ് നാടുമായി അതിര്‍ത്തി പങ്കിടുന്ന അഞ്ച് പഞ്ചായത്ത് പ്രദേശങ്ങളും അക്കൂട്ടത്തിലുണ്ട്. സ്വാഭാവികമായും ഈ റേഞ്ചിലെ ഉദ്യോഗസ്ഥര്‍ക്ക് ജോലി കൂടുതലാണെന്നതില്‍ സംശയമില്ല.
അയല്‍സംസ്ഥാനങ്ങളില്‍ നിന്നും എക്സൈസിന്റെ കണ്ണു വെട്ടിച്ച് കഞ്ചാവ് അടക്കമുള്ള ലഹരി പദാര്‍ഥങ്ങള്‍ കൊണ്ടുവരാനുള്ള കാരണം ഡിമാന്ഡാണെന്നത് യാഥാര്‍ഥ്യം. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയാണ് ഇപ്പോള്‍ ലഹരി മാഫിയ വ്യാപകമായി ഉന്നം വച്ചിരിക്കുന്നതെന്നും എക്സൈസ് അധികൃതരും ചൂണ്ടിക്കാട്ടുന്നു.