വത്തിക്കാൻ സിറ്റി: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇരു രാജ്യങ്ങളും ഉത്തരവാദിത്വവും യുക്തിയും പുലർത്തണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ആരും ഒരിക്കലും മറ്റൊരാളുടെ നിലനിൽപ്പിന് ഭീഷണിയാകരുതെന്നും മാർപാപ്പ പറഞ്ഞു.
യുദ്ധത്തിൽനിന്ന് പിന്മാറാനും പൊതുനന്മയ്ക്കായി സംഭാഷണത്തിൽ ഏർപ്പെടാനും ഇറാൻ, ഇസ്രയേൽ നേതാക്കളോട് മാർപാപ്പ അഭ്യർഥിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കായിക ജൂബിലി ആഘോഷത്തിനിടെ ഇറാൻ-ഇസ്രയേൽ സംഘർഷത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മാർപാപ്പ.
ഇക്കാലത്ത്, വളരെയധികം ആശങ്കയുണ്ടാക്കുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇറാനിലെയും ഇസ്രയേലിലെയും സ്ഥിതി ഗുരുതരമായി വഷളായിരിക്കുന്നു. അത്തരമൊരു സൂക്ഷ്മമായ നിമിഷത്തിൽ, ഉത്തരവാദിത്വത്തോടും യുക്തിയോടുമുള്ള പെരുമാറ്റം ഉണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആണവഭീഷണിയിൽനിന്ന് മുക്തമായ ഒരു സുരക്ഷിതലോകം കെട്ടിപ്പടുക്കുന്നതിന് പ്രതിബദ്ധതയുടെ ആവശ്യകതയുണ്ട്. നീതി, സാഹോദര്യം, പൊതുനന്മ എന്നിവയിൽ അധിഷ്ഠിതമായ ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിന് ഇതാവശ്യമാണ്. ബഹുമാനപൂർവമായ ഇടപെടലുകളിലൂടെയും ആത്മാർഥമായ സംഭാഷണങ്ങളിലൂടെയും ഇതിലേക്ക് എത്തിച്ചേരണം.
എല്ലാവർക്കും സുരക്ഷയും അന്തസും ഉറപ്പാക്കുന്ന പരിഹാരങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ടും അനുരഞ്ജനത്തിന്റെ പാതകൾ തുറന്നുകൊണ്ടും സമാധാനലക്ഷ്യത്തെ പിന്തുണയ്ക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും കടമയാണെന്നും മാർപാപ്പ ഓർമിപ്പിച്ചു.