കൊച്ചി: ലഹരി പാര്‍ട്ടി നടത്തിയെന്നും ലഹരി മാഫിയാ ബന്ധമുണ്ടെന്നും അടക്കമുള്ള പ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നടി റിമ കല്ലിങ്കല്‍. ഇതുസംബന്ധിച്ച് നടിമാരുടെ പരാതി അന്വേഷിക്കുന്ന എസ്ഐടിക്ക് പരാതി നല്‍കിയിട്ടുണ്ട്.
മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത വ്യക്തിയെന്നു വിലയിരുത്തിയ ആളാണു തനിക്കെതിരേ ആരോപണം ഉന്നയിച്ചത്. അവരുടെ യുട്യൂബില്‍ അവര്‍ പോസ്റ്റ് ചെയ്ത 30 മിനിറ്റ് വീഡിയോയില്‍ തന്നെക്കുറിച്ച് പറഞ്ഞ ഒരു മിനിറ്റ് ഭാഗമാണ് മലയാളത്തില്‍ പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതെന്നും റിമ സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ഇനി പ്രതീക്ഷ കോടതിയിലാണ്.
ഡബ്ല്യുസിസിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളെ കൃത്യമായ ദിശയില്‍ നയിക്കേണ്ട ബാധ്യത ഡബ്ല്യുസിസിക്കുണ്ട്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ആവശ്യപ്പെട്ട് ഡബ്ല്യുസിസി മുഖ്യമന്ത്രിയെ വീണ്ടും കാണുമെന്നും റിമ പറഞ്ഞു.