കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തതിനു പിന്നാലെ നിയമനടപടിക്കൊരുങ്ങി നടന് നിവിന്‍ പോളി. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അഭിഭാഷകനെ കണ്ട നിവിന്‍ ഇന്ന് മൂന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും. നിവിനെതിരായ കേസ് എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വര്‍ഗീസ് അന്വേഷിക്കും.
നിവിന്റെ മൊഴി അന്വേഷണസംഘം വൈകാതെ രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളില്‍നിന്നു വിവരങ്ങള്‍ തേടാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികളും വൈകാതെ നടക്കും.
യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് കേസിലെ രണ്ടാംപ്രതി നിര്‍മാതാവ് എ.കെ. സുനില്‍ പറഞ്ഞു. അതേസമയം, പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി യുവതി ആവര്‍ത്തിച്ചു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയില്‍ നടന് നിവിന്‍ പോളി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്. നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ ഊന്നുകല്‍ പോലീസാണ് കേസെടുത്തത്. തുടര്‍ന്ന് അന്വേഷണം പ്രത്യേകസംഘത്തിന് കൈമാറുകയായിരുന്നു.
അതിനിടെ, കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു. ഡിഐജി അജിത ബീഗം, കോസ്റ്റല്‍ എഐജി ജി. പൂങ്കുഴലി തുടങ്ങിയവര്‍ പങ്കെടുത്തു. അന്വേഷണ പുരോഗതി സംഘം വിലയിരുത്തി.