കോഴിക്കോട്: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടറുടെ ജന്മദിനം സ്റ്റേഷനിൽ ആഘോഷിച്ചത് വിവാദമാകുന്നു. കൊടുവള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്റെ ജന്മദിനമാണ് ആഘോഷിച്ചത്.
കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ റീലുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന വാചകത്തോടെയാണ് പോസ്റ്റ് പലയിടത്തും പ്രത്യക്ഷപ്പെട്ടത്. മേയ് 30നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആഘോഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഔദ്യോഗിക സ്ഥാനത്തിരിക്കെ ജാഗ്രതക്കുറവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ഇൻസ്പെക്ടർക്കെതിരെ താമരശേരി ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.പി.അഭിലാഷിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.