വലിയതുറ(തിരുവനന്തപുരം): അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ശനിയാഴ്ച രാത്രി 9.30നാണ് ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ് 35 ബി യുദ്ധവിമാനം വിമാനത്താവളത്തില്‍ ഇറക്കിയത്.
100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള യുദ്ധക്കപ്പലില്‍നിന്നും പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനത്തില്‍ ഇന്ധനം കുറഞ്ഞതിനെത്തുടര്‍ന്നാണ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യമുണ്ടായത്. ഇന്ത്യന്‍ വ്യാമസേനയുടെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് ബ്രിട്ടീഷ് വിമാനം വിമാനത്താവളത്തില്‍ ഇറക്കിയത്.
സമുദ്രത്തീരത്തുനിന്നും 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ട വിമാനവേധ കപ്പലായ “പ്രിന്‍സ് ഓഫ് വെയില്‍സില്‍’ നിന്നും പറന്നുയര്‍ന്നതായിരുന്നു എഫ് 35 ബി വിമാനം. പരിശീലന പറക്കലായിരുന്നതിനാല്‍ ഒരു പൈലറ്റ് മാത്രമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.