കൊച്ചി: സീറോമലബാർ സഭയുടെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു.
കത്തോലിക്ക കോൺഗ്രസ്, ഫാമിലി അപ്പൊസ്തലേറ്റ്, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രോ-ലൈഫ്, അല്മായ ഫോറങ്ങൾ എന്നീ സബ് കമ്മീഷനുകളെ ഏകോപിപ്പിക്കുന്ന സിനഡൽ കമ്മീഷന്റെ സമ്മേളനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.
ജീവിതമൂല്യങ്ങൾക്കു പ്രാധാന്യം കുറഞ്ഞുപോകുന്ന കാലഘട്ടത്തിൽ സഭയ്ക്കും സമൂഹത്തിനും നേതൃത്വവും ദിശാബോധവും നൽകേണ്ടത് അല്മായ കമ്മീഷനാണെന്ന് അദ്ദേഹം പറഞ്ഞു.
ചെയർമാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. എപ്പിസ്കോപ്പൽ അംഗങ്ങളായ മാർ ജോൺ നെല്ലിക്കുന്നേൽ, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ജനറൽ സെക്രട്ടറി റവ.ഡോ. അരുൺ കലമറ്റത്തിൽ, റവ.ഡോ. ഫിലിപ്പ് കവിയിൽ എന്നിവർ പ്രസംഗിച്ചു.
ഓരോ സബ് കമ്മീഷനും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. മനുഷ്യമഹത്വത്തിന്റെയും ജീവന്റെയും കുടുംബസംവിധാനത്തിന്റെയും മൂല്യങ്ങൾക്കു വിരുദ്ധമായ സാമൂഹിക തിന്മകൾക്കെതിരേ ശക്തമായ ബോധവത്കരണവും ക്രിയാത്മകമായ ഇടപെടലുകളും നടത്താൻ കമ്മീഷൻ തീരുമാനിച്ചു.