കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി മലിർ ജയിലിൽനിന്ന് 216 തടവുകാർ രക്ഷപ്പെട്ടു. പ്രദേശത്ത് ഭൂകന്പം ഉണ്ടായതിനെത്തുടർന്ന് സുരക്ഷയുടെ ഭാഗമായി ആളുകളെ ഒഴിപ്പിക്കുന്നതിനിടയിലുണ്ടായ സംഘർഷത്തിനു ശേഷമാണ് ഇവർ രക്ഷപ്പെട്ടത്.
സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പാരാമിലിറ്ററി ഫ്രോണ്ടിയർ കോർ സൈനികർ, ഒരു ജയിൽ ഉദ്യോഗസ്ഥൻ എന്നിവർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ടവരിൽ 80 പേരെ പിടികൂടാനായിട്ടുണ്ടെന്നു ജയിൽ അധികൃതർ അറിയിച്ചു.
136 പേരെ ഇനിയും പിടികൂടാനുണ്ടെന്ന് ജയിൽ സൂപ്രണ്ട് അർഷദ് ഷാ അറിയിച്ചു. 6,000 തടവുകാരെ പാർപ്പിച്ചിരിക്കുന്ന മലിർ ജയിലിലെ ഭൂരിപക്ഷം പേരും മയക്കുമരുന്ന് കേസുകളിൽ ശിക്ഷയനുഭവിക്കുന്നവരാണ്.