അനുമോൾ ജോയ്
കണ്ണൂര്‍: സംസ്ഥാനത്ത് രാസ ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുന്നതായി എക്സൈസിന്റെ കണക്കുകൾ. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 274 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ആറുമാസത്തെ എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ പരിശോധിച്ചാൽ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കണ്ണൂരിലാണ്. 43 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതില്‍ നാൽപതിലധികം പ്രതികളെ പിടികൂടിയിട്ടുണ്ട്. തൊട്ടുപിറകിലായി മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളുമുണ്ട്. കണ്ണൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മലപ്പുറത്തും വയനാടുമാണ്.
മുപ്പതിലധികം കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാൽ, പത്തനംതിട്ടയിൽ ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. എല്‍എസ്ഡി സ്റ്റാമ്പുകള്‍, എംഡിഎംഎ പോലുള്ളവയാണ് പ്രധാനികള്‍. ഒരു ഗ്രാം എംഡിഎംഎയ്ക്ക് അയ്യായിരം രൂപ വരെ ഈടാക്കുന്നുണ്ട്.
ഡിമാൻഡ് അനുസരിച്ച് വിലയും വർധിക്കും. ഇത് ഉപയോഗിക്കുന്നവര്‍ക്ക് ഛര്‍ദി, വിറയല്‍, ഉയര്‍ന്ന രക്തസമ്മർദം, ആത്മഹത്യാ ചിന്ത എന്നിവയുണ്ടാകും. ലഹരി മാഫിയയെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി എക്സൈസ് വകുപ്പ് മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സ്കൂള്‍ കോളജ് പരിസരങ്ങളില്‍ കൃത്യമായി പരിശോധനകളും ബോധവത്കരണവും നടത്തിവരുന്നുണ്ട്.
എന്നാൽ, യുവതലമുറ ഇത്തരം ലഹരിമാഫിയകളുടെ വലയില്‍ വീണുകൊണ്ടിരിക്കുന്നുവെന്നാണ് കേസുകളുടെ കണക്കുകൾ വ്യക്തമാക്കുന്നത്.