മോസ്കോ: ഇസ്രയേലും അമേരിക്കയും ഇറാനെതിരേ നടത്തുന്ന ആക്രമണങ്ങൾക്കു ന്യായീകരണമില്ലെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ.
അമേരിക്കൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി മോസ്കോ സന്ദർശിച്ച ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ ഇതുപറഞ്ഞത്.
ഇസ്രയേലും അമേരിക്കയും പ്രകോപനമില്ലാതെയാണ് ഇറാനെ ആക്രമിക്കുന്നത്. ഇരു രാജ്യങ്ങളുടെയും നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പുടിൻ പറഞ്ഞു. ഇസ്രയേലിനെതിരായ മിസൈൽ ആക്രമണങ്ങൾ ഇറാന്റെ പരമാധികാരം സംരക്ഷിക്കാൻ വേണ്ടിയാണെന്ന് അരാഗ്ചിയും വിശദീകരിച്ചു.
ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ കത്തുമായിട്ടാണ് അരാഗ്ചി മോസ്കോയിലെത്തിയതെന്നാണു റിപ്പോർട്ട്. കത്തിലെ ഉള്ളക്കം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ആക്രമണം നേരിടുന്ന ഇറാന് അനുകൂലമായി പ്രസ്താവനകൾ ഇറക്കുന്നതല്ലാതെ മറ്റു നടപടികൾ റഷ്യയുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇറാനും ഇസ്രയേലിനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് പുടിൻ നേരത്തേ അറിയിച്ചിരുന്നു.
അതേസമയം, റഷ്യൻ സമീപനത്തിൽ ഇറാന് തൃപ്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിനൊപ്പം അമേരിക്കയും ചേർന്ന സാഹചര്യത്തിൽ റഷ്യയിൽനിന്ന് കൂടുതൽ സഹായം തേടിയാണ് അബ്ബാസ് അരാഗ്ചിയെ ഖമനയ് മോസ്കോയിലേക്ക് അയച്ചതെന്നും പറയുന്നു.