ഈജിപ്തിലെ സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെ രാഷ്ട്രീയ വിഭാഗമായി 1987ൽ പലസ്തീൻ പ്രഭുവായിരുന്ന ഷേക്ക് അഹമ്മദ് യാസിനും അബ്ദുൽ അസീസ് അൽ റാൻഡിസിയും ചേർന്നാണ് ഹമാസ് എന്ന സംഘടന സ്ഥാപിച്ചത്.
ഹരാകാത് അൽ മുഖവാമ അൽ ഇസ്ലാമിയ അഥവാ ഇസ്ലാമിക് റസിഡൻസ് മൂവ്മെൻറ് എന്നാണ് ഹമാസിന്റെ പൂർണ്ണരൂപം.
പലസ്തീനെ മോചിപ്പിച്ച്, അവിടെ ഇസ്രയേൽ, വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് 1988ൽ ഹമാസ് വ്യക്തമാക്കി. 1967ൽ നിലവിലുണ്ടായിരുന്ന അതിർത്തിയിലേക്ക് പിൻവാങ്ങുകയും നഷ്ടപരിഹാരം നൽകുകയും പലസ്തീനിയൻ അഭയാർത്ഥികൾക്ക് മടങ്ങിവരാനുള്ള അവസരവും നൽകിയാൽ വെടിനിർത്തലിന് തയ്യാറാണെന്ന് തുടർന്നുള്ള വർഷങ്ങളിൽ പ്രഖ്യാപിച്ചു. ഇതിനിടയിൽ മുസ്ലിം ബ്രദർഹുഡുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായും സംഘടനാ വ്യക്തമാക്കി. ഹമാസിന് ദാവാ എന്ന പേരിൽ സാംസ്കാരിക വിഭാഗവും ഇസ് ആദ്-ദിൻ അൽ ക്വസം ബ്രിഗേഡ് എന്ന പേരിൽ സൈനിക വിഭാഗവും ഉണ്ട്. ഹമസിന് ഇറാന്റെയും തുർക്കിയുടെയും പിന്തുണയുണ്ട്. ഇറാൻ സിറിയ ലബനിലെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹിസ്ബുല്ല എന്നിവരടങ്ങിയ ബ്ലോക്കിന്റെ ഭാഗവുമാണ് ഹമാസ്. ഇസ്രായേലിനെ നേരെ പലസ്തീൻ നടത്തിയ രണ്ട് സുപ്രധാനം മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഹമാസാണ്.
ഫത്തായുടെ പിൻവാങ്ങലും ഹമാസിന്റെ കടന്നുവരവും
പലസ്തീൻ രാഷ്ട്രീയത്തിൽ ഹമാസിന്റെ സ്വാധീനം യാസർ അറഫാത്ത് സ്ഥാപിച്ച ഫത്താ പ്രസ്ഥാനവുമായുള്ള ഏറ്റുമുട്ടലിന് ഇടയാക്കി. 1990ല് അർദ്ധസൈനിക വിഭാഗമായാണ് അറഫാത്ത് ഫാത്താ സ്ഥാപിച്ചത്. എന്നാൽ പിന്നീട് സായുധ ചെറുത്തു നിൽപ്പ് ഉപേക്ഷിച്ച സംഘടന, ഇസ്രായേലിനോട് ചേർന്ന് 1967ലെ അതിർത്തി മാനദണ്ഡപ്രകാരം പലസ്തീൻ സ്റ്റേറ്റ് സ്ഥാപിക്കാനുള്ള യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തെ പിന്തുണച്ചു. എന്നാൽ 2004ൽ യാസർ അറഫാത്ത് മരിച്ചതോടെ പ്രസ്ഥാനം ദുർബലമായി. ഈ അവസരം മുതലെടുത്ത് ഹമാസ് വളരുകയായിരുന്നു. 2007ൽ ഫത്തായുമായുള്ള സായുധ പോരാട്ടത്തിന് ഒടുവിൽ ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തു. തുടർന്നിങ്ങോട്ട് ഹമാസാണ് ഗാസാ മുനമ്പ് അടക്കി ഭരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ ഭരണം ഫത്തായും നടത്തുന്നു. തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയാണ് ഹമാസ്. മതേതര വാദത്തിൽ ഊന്നിയുള്ള സംഘടനയാണ് ഫത്താ. ഇസ്രായേലിനോടുള്ള ഇരു സംഘടനകളുടെ സമീപനത്തിൽ വ്യത്യാസമുണ്ട്. ഇസ്രായേലിനെ അംഗീകരിക്കാൻ കൂട്ടാക്കാത്ത ഹമാസ് ആ രാജ്യത്തിനെതിരെ സായുധ ചെറുത്തു നിൽപ്പിന് ആഹ്വാനം ചെയ്യുന്നു. എന്നാൽ ഇസ്രായേലിനെ ഏറെക്കുറെ അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കുന്ന ഫത്താ, ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന നിലപാടാണ് സ്വീകരിക്കുന്നത്.
നേതാക്കൾക്ക് സുഖജീവിതം ജനത്തിന് ദുരിതം
ഖത്തർ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിൽ നിന്ന് യഥേഷ്ടം ഫണ്ട് വാങ്ങിയെടുത്ത് ഹമാസിന്റെ നേതാക്കൾ സുഖജീവിതം നയിക്കുന്ന കാഴ്ചയാണ് ഇപ്പോഴും കാണാനാകുന്നത്. ഗാസയിൽ നിന്ന് ഇസ്രയേലി സേന 2005ൽ പൂർണമായി പിന്മാറുകയും 2007 ഹമാസ് അധികാരം പിടിക്കുകയും ചെയ്തതോടെ തുടങ്ങിയതാണ് ഗാസ മുനമ്പിലെ 20 ലക്ഷം വരുന്ന ജനത്തിന്റെ ദുരിതം. ഹമാസിന്റെ അഴിമതിക്കും നിസംഗതക്കും എതിരെ ജനം പല കുറി തെരുവിലിറങ്ങി. 70% ജനവും തൊഴിൽരഹിതരാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെ, ഭീകരൊഴികെയുള്ള ജനം നരകയാതന അനുഭവിക്കുന്നു. ദിവസം 20 മണിക്കൂറും വൈദ്യുതി ഇല്ലെന്നതാണ് വസ്തുത. ദുരിതാവസ്ഥക്കെതിരെ മൂന്നുവർഷം മുമ്പ് പ്രതികരിച്ച ജനത്തെ ഹമാസ് ഭീകരർ അടിച്ചമർത്തുകയായിരുന്നു. വ്യവസായ സ്ഥാപനം തുടങ്ങാനോ, വൈദ്യുത നിലയം സ്ഥാപിക്കാനോ കടൽ ജലം ശുദ്ധീകരിക്കുന്ന പ്ലാൻറ് നിർമ്മിക്കാനോ ഹമാസിന് താല്പര്യമില്ല. മറിച്ച് ജനത്തിന്റെ ദുരിതം പറഞ്ഞും ഇസ്രായേലിനെതിരായ തങ്ങളുടെ പോരാട്ട ലക്ഷ്യം വിവരിച്ചും വിദേശരാജ്യങ്ങളിൽ നിന്നും നേടിയെടുക്കുന്ന ഫണ്ടുകൾ ധൂർത്തടിക്കാനാണ് നേതാക്കൾക്ക് താല്പര്യം. 50000 വരുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ഹമാസ് ഭരണകൂടത്തിന് ആകുന്നില്ല. ഇത് ഹമാസിനെ അനുകൂലിക്കുന്ന ജീവനക്കാരുടെ വരെ പ്രതിഷേധത്തിന് ഇടയാക്കുന്നു.