പാരീസ്: ഫ്രാൻസിൽ സംഗീതപരിപാടിക്കിടെ വ്യാപകമായി സിറിഞ്ച് ആക്രമണം. പാരീസ് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പാതയോരങ്ങളിൽ ശനിയാഴ്ച രാത്രിയിൽ നടന്ന പ്രസിദ്ധമായ ലോക സംഗീതദിന (ഫെത് ദെ ലാ മ്യൂസിക്ക്) പരിപാടിക്കിടെയായിരുന്നു ആക്രമണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൗമാരക്കാരായ പെൺകുട്ടികളുൾപ്പെടെ 145 പേർക്കുനേരേയാണ് അക്രമികൾ സിറിഞ്ചുകൊണ്ട് കുത്തിവച്ചത്. കുത്തിവച്ചത് മയക്കുമരുന്നാണോ അതോ ഭയപ്പെടുത്താൻ ആക്രമണം നടത്തിയതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കുത്തേറ്റവരിൽ പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 13 പേർക്ക് കാര്യമായ അസ്വസ്ഥതയുണ്ടെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
പാരീസിൽ നടന്ന സംഗീതപരിപാടിക്കിടെ 13 പേർക്കുനേരേ സിറിഞ്ച് ആക്രമണം ഉണ്ടായതായി പോലീസ് അറിയിച്ചു. അക്രമികളെത്തി കൈകളിൽ സിറിഞ്ചുകൊണ്ട് കുത്തി രക്ഷപ്പെടുകയായിരുന്നു.