മോസ്കോ: യുക്രെയ്ൻ സേനയുടെ ആക്രമണത്തെത്തുടർന്ന് റഷ്യയിലെ ബെൽഗരോദ് മേഖലയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ദിനംപ്രതിയുള്ള ഷെല്ലിംഗിൽ സിവിലിയന്മാർ കൊല്ലപ്പെട്ടെന്നും ഭവനങ്ങൾ നശിച്ചെന്നും ബെൽഗരോദ് ഗവർണർ ഗ്ലാഡ്കോവ് അറിയിച്ചു.
യുക്രെയ്ൻ സേന അതിർത്തി കടന്ന് ആക്രമണം നടത്തുന്ന പടിഞ്ഞാറൻ റഷ്യയിലെ കുർസ്ക് മേഖലയിൽ ഒരാഴ്ചയായി അടിയന്തരാവസ്ഥയാണ്. യുക്രെയ്ൻ സേനയെ തുരത്താൻ റഷ്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് കുർസ്കിനോടു ചേർന്ന അതിർത്തിപ്രദേശമായ ബെൽഗരോദിലും യുക്രെയ്ൻ സേന ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
കുർസ്ക് മേഖലയിൽ ശക്തമായ ആക്രമണവുമായി മുന്നേറുകയാണെന്നാണു യുക്രെയ്ൻ സേന ഇന്നലെ അറിയിച്ചത്. ആറാംതീയതിയാണു യുക്രെയ്ൻ സേന റഷ്യൻ അതിർത്തി കടന്നത്.
ഒട്ടേറെ ഗ്രാമങ്ങൾ യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലായി. രണ്ടു ലക്ഷത്തോളം പേരെ റഷ്യ ഒഴിപ്പിച്ചുമാറ്റി.
ഇതിനിടെ, റഷ്യൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിൽ യുക്രെയ്നു താത്പര്യമില്ലെന്ന് അവിടത്തെ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി.
യുക്രെയ്ന്റെ കടന്നാക്രമണം റഷ്യൻ പ്രസിഡന്റ് പുടിനു ശരിക്കും തലവേദന സൃഷ്ടിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കുർസ്കിലെ യുക്രെയ്ന്റെ ഓപ്പറേഷനെ പിന്തുണയ്ക്കുന്നതായി ഫിൻലാൻഡും എസ്തോണിയയും അറിയിച്ചു.