വത്തിക്കാൻ സിറ്റി: രാഷ്ട്രീയപ്രവർത്തനം സമൂഹത്തിനും പൊതുനന്മയ്ക്കുമേകുന്ന സേവനം പരിഗണിക്കുകയാണെങ്കിൽ അതിനെ യഥാർഥത്തിൽ ക്രിസ്തീയ സ്നേഹത്തിന്റെ ഒരു പ്രവൃത്തിയായി കാണാൻ കഴിയുമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
രാഷ്ട്രീയം ഒരിക്കലും ഒരു സിദ്ധാന്തമല്ലെന്നും മറിച്ച് മാനവകുടുംബത്തിന്റെ നന്മയ്ക്കായുള്ള ദൈവിക ഇടപെടലിന്റെ മൂർത്തമായ അടയാളവും സാക്ഷ്യവുമാണെന്നും മാർപാപ്പ പറഞ്ഞു.വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രത്യാശയുടെ ജൂബിലിവർഷത്തോടനുബന്ധിച്ചുള്ള ഭരണകർത്താക്കളുടെ ജൂബിലിയാഘോഷത്തിൽ പ്രസംഗിക്കുകയായിരുന്നു മാർപാപ്പ.
സത്യത്തെ ഒറ്റിക്കൊടുക്കുന്നതിനു പകരം ജീവൻ ത്യജിക്കാനുള്ള സന്നദ്ധതയിലൂടെ 16-ാം നൂറ്റാണ്ടിലെ വിശുദ്ധനും ഗ്രേറ്റ് ബ്രിട്ടന്റെ മുൻ ലോർഡ് ഹൈ ചാൻസലറുമായിരുന്ന വിശുദ്ധ തോമസ് മൂർ കാണിച്ച ധൈര്യം ഇന്നത്തെ രാഷ്ട്രീയക്കാർക്ക് ആവശ്യമാണെന്നു മാർപാപ്പ പറഞ്ഞു.
രാഷ്ട്രീയനേതാക്കൾ ആദരിക്കേണ്ട ഒരു സാക്ഷിയായും അവരുടെ പ്രവർത്തനങ്ങളുടെ മധ്യസ്ഥനായും വിശുദ്ധ തോമസ് മൂറിനെ 2000-ാമാണ്ടിലെ മഹാജൂബിലിയാചരണ വേളയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ചൂണ്ടിക്കാട്ടിയതും ലെയോ പതിനാലാമൻ മാർപാപ്പ അനുസ്മരിച്ചു. രാഷ്ട്രീയം ജീവകാരുണ്യ പ്രവർത്തനത്തിന്റെ പരമോന്നതരൂപമാണെന്ന് പതിനൊന്നാം പീയൂസ് മാർപാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച് മാർപാപ്പ പറഞ്ഞു.
പ്രത്യേകിച്ച്, ദുർബലർക്കും പാർശ്വവത്കൃതർക്കും സംരക്ഷണം ഉറപ്പാക്കി, സ്വാർത്ഥ താത്പര്യങ്ങളൊന്നും കൂടാതെ പൊതുനന്മയും മതസ്വാതന്ത്ര്യവും പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും വഴിയാണ് അതിന് ജീവകാരുണ്യ സ്വഭാവം കൈവരുന്നത് -മാർപാപ്പ ചൂണ്ടിക്കാട്ടി.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഉൾപ്പെടെ 68 രാജ്യങ്ങളിൽനിന്നുള്ള 600ഓളം നേതാക്കൾ ജൂബിലിയാഘോഷത്തിൽ പങ്കെടുത്തു.