ടോക്കിയോ: ജപ്പാനിൽ വീടുകളിൽ ഒറ്റപ്പെട്ടു മരിക്കുന്ന വയോധികരുടെ എണ്ണം വർധിച്ചതായി പോലീസ് റിപ്പോർട്ട്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഇത്തരം 37,227 പേരെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇതിൽ 3,939 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് ഒരു മാസത്തിനു ശേഷമാണ്. 130 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് ഒരു വർഷത്തിനു ശേഷമാണെന്നും നാഷണൽ പോലീസ് ഏജൻസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വയോധികരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണു ജപ്പാൻ. ജനനനിരക്കും കുറവാണ്. ഒറ്റപ്പെട്ടു ജീവിക്കുന്ന വയോധികർ നേരിടുന്ന പ്രശ്നങ്ങൾ വ്യക്തമാക്കുന്നതാണു പോലീസ് റിപ്പോർട്ട്.
ജപ്പാനിലെ വയോധികരുടെ എണ്ണം (65നു മുകളിൽ പ്രായമുള്ള) 2050ൽ ഒരു കോടിക്കു മുകളിലെത്തുമെന്നാണ് അനുമാനം. ഒറ്റയ്ക്കു ജീവിക്കുന്നവരുടെ എണ്ണം അതേ വർഷം 2.33 കോടിയും ആകും.
ജപ്പാന്റെ അയൽരാജ്യങ്ങളായ ചൈനയിലും ദക്ഷിണകൊറിയയിലും ജനനനിരക്ക് താഴുന്നുണ്ട്.