ഒട്ടാവ (കാനഡ): ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്നും കാര്യങ്ങൾ കൈവിട്ടുപോകുംമുമ്പ് എത്രയും പെട്ടെന്ന് അവർ ചർച്ചകളിലേക്ക് മടങ്ങണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
നിലവിലുള്ള ശത്രുത “രണ്ട് കൂട്ടർക്കും വേദനാജനകമാണ്” എന്ന് ട്രംപ് സമ്മതിച്ചു. “”ഞങ്ങൾ എപ്പോഴും ഇസ്രയേലിനെ പിന്തുണച്ചിട്ടുണ്ട്. ഇസ്രയേൽ ഇപ്പോൾ വളരെ നന്നായി പ്രവർത്തിക്കുന്നു,”ജി7 രാഷ്ട്ര ഉച്ചകോടിക്കിടെ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിരിക്കവേ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിലവിലുള്ള സംഘർഷത്തിൽ അമേരിക്ക സൈനികമായി ഇടപെടുമോ എന്ന ചോദ്യത്തിന് “”ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല”എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഇസ്രയേലുമായും ഇറാനുമായും ബന്ധപ്പെട്ട ജി7 കരട് പ്രസ്താവനയിൽ ഒപ്പുവയ്ക്കാൻ ട്രംപ് ഉദ്ദേശിക്കുന്നില്ലെന്ന് സിബിഎസ് ന്യൂസിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.