ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾ സുരക്ഷിതരായിരിക്കുമെന്നും ഇത് സംബന്ധിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് ഉറപ്പ് നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിലൂടെയാണ് യുനൂസ് പ്രധാനമന്ത്രിയുമായി സംസാരിച്ചത്.
നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ വീക്ഷണങ്ങൾ കൈമാറി. ജനാധിപത്യമുള്ള, സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായ ഒരു ബംഗ്ലാദേശിനായി ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനംചെയ്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബംഗ്ലാദേശിൽ കലാപത്തിനിടെ ന്യൂനപക്ഷങ്ങൾക്ക് നേരേ വലിയ ആക്രമണങ്ങളാണ് നടന്നത്. തുടർന്ന് ആക്രമണത്തിനിരയായ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യുനൂസ് സന്ദർശിച്ചിരുന്നു.
സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ഉൾപ്പെടെ പ്രധാനമന്ത്രി ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരേ നടക്കുന്ന ആക്രമണത്തെക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു. പിന്നാലെയാണ് മുഹമ്മദ് യുനൂസ് പ്രധാനമന്ത്രിയുമായി സംസാരിച്ചത്.