ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ വീണ്ടും കേസ്. സിൽഹെത് നഗരത്തിൽ നടന്ന പ്രതിഷേധറാലിക്കു നേർക്കുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് ഹസീനയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഹസീനയ്ക്കും മറ്റ് 86 പേർക്കുമെതിരേയാണ് കേസ്. ഓഗസ്റ്റ് നാലിനു നടന്ന വെടിവയ്പിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കേസിൽ ഹസീനയുടെ സഹോദരി ഷേഖ് റഹാനയും പ്രതിയാണ്.
അവാമി ലീഗ് ജനറൽ സെക്രട്ടറിയും മുൻ ഗതാഗത മന്ത്രിയുമായ ഒബൈദുൽ ഖാദർ, മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ, മുൻ വിദേശകാര്യ മന്ത്രി ഹസൻ മഹ്മൂദ്, മുൻ നിയമമന്ത്രി അനിസുർ റഹ്മാൻ, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് സൽമാൻ എഫ്. റഹ്മാൻ എന്നിവരും പ്രതികളാണ്.
ഇതുവരെ ഹസീനയ്ക്കെതിരേ 33 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹസീനയെ വിചാരണയ്ക്കായി കൈമാറണമെന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥിപ്രക്ഷോഭ ത്തിനൊടുവിൽ ഈ മാസം അഞ്ചിന് പ്രധാനമന്ത്രിപദം രാജിവച്ച ഷേഖ് ഹസീന ഇന്ത്യയിലേക്കു രക്ഷപ്പെടുകയായിരുന്നു.