ലക്നോ: ഗ്രാമവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം നടത്തിയെന്നാരോപിച്ച് രണ്ടുപേരുടെ മേൽ ചുമത്തിയ കേസുകൾ ഉത്തർപ്രദേശിലെ ബറെയ്ലി കോടതി അസാധുവാക്കി.
അഭിഷേക് ഗുപ്ത, കുന്ദൻ ലാൽ കോറി എന്നിവർക്കെതിരായ നടപടികളാണ് ബറെയ്ലി അഡീഷണൽ സെഷൻസ് ജഡ്ജി ജ്ഞാനേന്ദ്ര ത്രിപാഠി അസാധുവാക്കിയത്. ഹിന്ദു ജാഗരൺ മഞ്ച് യുവ വാഹിനിയുടെ പ്രവർത്തകനെന്ന് സോഷ്യൽ മീഡിയയിൽ സ്വയം വിശേഷിപ്പിക്കുന്ന ഹിമാൻഷു പട്ടേലിന്റെ പരാതിപ്രകാരമായിരുന്നു പോലീസ് കേസെടുത്തത്.
സ്വയംപ്രഖ്യാപിത ഗോരക്ഷാ പ്രവർത്തകന്റെ അടിസ്ഥാനരഹിതമായ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പ്രതിചേർത്തതിന് അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും രണ്ട് അന്വേഷണ ഉദ്യോഗസ്ഥർക്കും, കെട്ടിച്ചമച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബാഹ്യ സമ്മർദങ്ങളെത്തുടർന്ന് എഫ്ഐആറിന് അനുമതി നൽകിയ സർക്കിൾ ഓഫീസർക്കും (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്) എതിരേ യുക്തമായ നിയമനടപടികൾ സ്വീകരിക്കാൻ കോടതി ജില്ലാ സീനിയർ പോലീസ് സൂപ്രണ്ടിന് കോടതി നിർദേശം നൽകുകയും ചെയ്തു.
ബാഹ്യസമ്മർദത്തെത്തുടർന്നാണ് ഇരുവർക്കുമെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ഇതിലൂടെ പ്രശസ്തി നേടാൻ പരാതിക്കാരൻ ആഗ്രഹിച്ചിരുന്നുവെന്നും 27 പേജുള്ള വിധിന്യായത്തിൽ ജഡ്ജി ചൂണ്ടിക്കാട്ടി.
കെട്ടിച്ചമച്ച കഥയ്ക്ക് നിയമസ്വഭാവം നൽകാനുള്ള പരാജിതശ്രമം നടത്തിയതിന് പോലീസ് കുറ്റക്കാരാണ്. നിയമവിരുദ്ധമായ ഈ കേസിലെ യഥാർഥ കുറ്റവാളികൾ പരാതിക്കാരൻ, അയാളുമായി ബന്ധപ്പെട്ട സാക്ഷികൾ, എഫ്ഐആർ അംഗീകരിച്ച സ്റ്റേഷൻ ഹൗസ് ഓഫീസർ, അന്വേഷണ ഉദ്യോഗസ്ഥൻ, കേസിൽ കുറ്റപത്രം അംഗീകരിച്ച സർക്കിൾ ഓഫീസർ എന്നിവരാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ജഡ്ജിയുടെ ക്രോസ് വിസ്താരത്തിനിടെ പരാതിക്കാരനായ ഹിമാൻഷു പട്ടേൽ, താൻ നൽകിയതു വ്യാജപരാതിയായിരുന്നുവെന്ന് സമ്മതിച്ചു. കഴിഞ്ഞ ജൂലൈ 30ന് പുറപ്പെടുവിച്ച വിധിയെക്കുറിച്ചുള്ള വിവരങ്ങൾ ഇന്നലെയാണു പുറത്തുവന്നത്.
ഖൊരക്പുർ സ്വദേശിയും ബറെയ്ലിയിലെ റൊഹിൽഖാൻഡ് മെഡിക്കൽ കോളജിൽ സിടി സ്കാൻ ടെക്നീഷനുമായ അഭിഷേക് ഗുപ്തയും തിരിച്ചറിയാത്ത എട്ടുപേരും ചേർന്ന് ബിച്ചപുർ ഗ്രാമത്തിൽ മതപരിവർത്തനം നടത്തിയെന്നും 2022 മേയ് 29ന് മമത എന്നയാളുടെ വീട്ടിൽ ഗുപ്തയുടെ നേതൃത്വത്തിൽ പ്രാർഥനായോഗം നടത്തിയെന്നും വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ച് 40 പേരെ അവിടെവച്ച് മതപരിവർത്തനം നടത്തിയെന്നുമായിരുന്നു പട്ടേലിന്റെ പരാതിയിൽ പറഞ്ഞിരുന്നത്.