ബംഗുളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗുളൂരു സ്കൈഡെക്ക് പ്രജക്ടിന് അനുമതി നൽകി കർണാടക മന്ത്രിസഭ. 500 കോടി രൂപ ചിലവിൽ നിർമിക്കുന്ന സ്കൈഡെക്ക് നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം നൽകും.
ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്. കുത്തബ് മിനാറിനേക്കാൾ മൂന്ന് മടങ്ങ് കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗുളൂരുവിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന് വിശ്വസിക്കപ്പെടുന്ന സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററിലധികം ഉയരമുണ്ട്.
ഔട്ടർ ബംഗുളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. സഞ്ചാരികൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ മെട്രോ റെയിലുമായി ബന്ധിപ്പിക്കും. ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല.
ബംഗുളൂരുവിന്റെ മധ്യഭാഗത്ത് സ്കൈഡെക്ക് നിർമിക്കാൻ സർക്കാർ ആദ്യം പദ്ധതിയിട്ടിരുന്നുവെങ്കിലും രണ്ട് വലിയ വെല്ലുവിളികൾ ഉയർന്നിരുന്നു. ഒന്നാമതായി, നഗരത്തിന്റെ നടുവിൽ 25 ഏക്കർ സ്ഥലം കണ്ടെത്തുന്നത് എന്നതായിരുന്നു.
രണ്ടാമതായി, ബംഗുളൂരു നഗരത്തിന്റെ പല പ്രദേശങ്ങളിലും പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥാപനങ്ങൾ ഉണ്ട്. ഇത്രയും ഉയരമുള്ള കെട്ടിടം നിർമിക്കുന്നതിന് പ്രതിരോധ മന്ത്രാലയം എതിർപ്പ് അറിയിച്ചിരുന്നു. ഇതേതുടർന്നാണ് ഔട്ടർ ബംഗുളൂരുവിലേക്ക് സ്കൈഡെക്ക് പദ്ധതി മാറ്റിയത്.
1,269,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽ നിന്ന് ബാംഗുളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.