ന്യൂഡൽഹി: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി സുപ്രീംകോടതി. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ജൂണിയർ-സീനിയർ ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിർദേശങ്ങൾ തയാറാക്കാൻ പത്തംഗ ദേശീയ ദൗത്യസേന (എൻടിഎഫ്) രൂപീകരിച്ചു.
കോൽക്കത്ത ആർജി കർ ആശുപത്രിയിൽ ജൂണിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ഉയരുന്നതിനു പിന്നാലെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
മൂന്നാഴ്ചയ്ക്കകം ഇടക്കാല റിപ്പോർട്ടും രണ്ടു മാസത്തിനുള്ളിൽ പൂർണ റിപ്പോർട്ടും സമർപ്പിക്കാൻ എൻടിഎഫിനോട് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ. ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട തത്സ്ഥിതി റിപ്പോർട്ട് നാളെ സമർപ്പിക്കാൻ സിബിഐയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. നാളെ കേസ് വീണ്ടും പരിഗണിക്കും.
പശ്ചിമബംഗാൾ, ബിഹാർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ജോലിക്കിടെ ഡോക്ടർമാർ കൊല്ലപ്പെട്ട വിഷയവും കോടതി പരാമർശിച്ചു. കൊല്ലപ്പെട്ട യുവഡോക്ടറുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു.
പോസ്റ്റ്മോർട്ടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും കോടതി ചോദിച്ചു.
സമിതി നാവികസേനാ മെഡിക്കൽ വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയുടെ നിർദേശമനുസരിച്ച് ആരോഗ്യപ്രവർത്തകരുടെ സുരക്ഷ, ക്ഷേമം തുടങ്ങിയ വിഷയങ്ങളിലാണ് പത്തംഗ ദേശീയ ദൗത്യസേന (എൻടിഎഫ്) ഊന്നൽ നൽകേണ്ടത്.
ലിംഗാധിഷ്ഠിത അതിക്രമങ്ങൾ തടയുന്നതിനും ജൂണിയർ, സീനിയർ, റസിഡന്റ് ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്കു മാന്യമായ തൊഴിൽ സാഹചര്യം ഉറപ്പാക്കാനുള്ള നിർദേശങ്ങൾ തയാറാക്കാനും എൻടിഎഫിനോട് കോടതി ഉത്തരവിട്ടു.
നാവികസേനാ മെഡിക്കൽ വിഭാഗം മേധാവി സർജൻ വൈസ് അഡ്മിറൽ ആർ. സരിൻ എൻടിഎഫിന് നേതൃത്വം നൽകും. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. എം. ശ്രീനിവാസ്, ഡോ. ഡി. നാഗേശ്വർ റെഡ്ഢി, ഡോ. പ്രതിമ മൂർത്തി, ഡോ. ഗോവർധൻ ദത്ത് പുരി, ഡോ. സൗമിത്ര റാവത്ത്, പ്രഫ. അനിത സക്സേന, പ്രഫ. പല്ലവി സാപ്രെ, ഡോ. പത്മ ശ്രീവാസ്തവ എന്നിവരടങ്ങുന്നതാണ് സംഘം.
കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നാഷണൽ മെഡിക്കൽ കമ്മീഷൻ ചെയർപേഴ്സണ്, നാഷണൽ ബോർഡ് ഓഫ് എക്സാമിനേഴ്സ് പ്രസിഡന്റ് എന്നിവരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ നിരീക്ഷണം
- ആർജി കർ ആശുപത്രിയിലെ സംഭവം മാത്രമല്ല രാജ്യത്തെ എല്ലാ ഡോക്ടർമാരുടെയും സുരക്ഷ സംബന്ധിച്ച വിഷയമാണ്.
- സുരക്ഷിതമായ തൊഴിലിടങ്ങൾ അവകാശമാണ്.
- ഡോക്ടർമാരെ സംരക്ഷിക്കുന്നത് രാജ്യതാത്പര്യമാണ്.
- വനിതാ ജീവനക്കാരാണ് ആശുപത്രികളിൽ കൂടുതൽ അക്രമങ്ങൾക്കിരയാകുന്നത്. അവരുടെ ജീവൻ രക്ഷിക്കാൻ സംവിധാനങ്ങളുടെ വലിയ പോരായ്മയുണ്ട്.
- കേരളത്തിലടക്കം നിയമമുണ്ടെങ്കിലും പര്യാപ്തമല്ല.
- ആശുപത്രികളിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.
എൻടിഎഫ് ചെയ്യേണ്ടത്…
അധികസുരക്ഷ അനിവാര്യമെങ്കിൽ എമർജൻസി റൂം, ആയുധങ്ങൾ, ആശുപത്രിയിലെത്തുന്നതു തടയാൻ സ്ക്രീനിംഗ്, ആൾക്കൂട്ടം നിയന്ത്രിക്കാൻ സെക്യൂരിറ്റി, സ്ത്രീ-പുരുഷ ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രത്യേകം ബയോമെട്രിക് സംവിധാനമുള്ള വിശ്രമമുറി, ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ സിസിടിവിയും ആവശ്യമായ വെളിച്ചവും, ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് രാത്രി പത്തുമുതൽ പുലർച്ചെ ആറു വരെ ഗതാഗത സംവിധാനം, പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക ക്ലാസുകൾ തുടങ്ങി വിവിധ കാര്യങ്ങളിൽ എൻടിഎഫ് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. കൂടുതൽ കർമപദ്ധതി ആവശ്യമാണെങ്കിൽ നിർദേശിക്കാനും കോടതി ഉത്തരവിട്ടു.