കോൽക്കത്ത: കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലിരിക്കേ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫുട്ബോളിൽ ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാന്റെയും ആരാധകരൊന്നിച്ചു.
ഇരു ക്ലബ്ബുകളുടെയും ആരാധകർ കോൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിനു മുന്നിലാണു പ്രതിഷേധിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് സാൾട്ട്ലേക്കിലെ ഇന്നലത്തെ ഈസ്റ്റ് ബംഗാൾ- മോഹൻ ബഗാൻ ഡ്യൂറൻഡ് കപ്പ് മത്സരം റദ്ദാക്കിയിരുന്നു. എന്നാൽ, ഇരു ടീമുകളുടെയും ആരാധകർ ഞായറാഴ്ച വൈകുന്നേരം സ്റ്റേഡിയത്തിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിക്കുകയായിരുന്നു. യുവതിയുടെ കുടുംബത്തിനു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരു ക്ലബ്ബുകളുടെയും പതാകയുമായി ആരാധകർ മുദ്രാവാക്യം മുഴക്കി.
വൻ പോലീസ് സന്നാഹം സ്റ്റേഡിയത്തിനു ചുറ്റും നിലയുറപ്പിച്ചിരുന്നു. മുഹമ്മദൻസിന്റെയും മറ്റു ക്ലബ്ബുകളുടെയും ആരാധകരും പിന്നാലെ സ്റ്റേഡിയത്തിലേക്ക് എത്തി പ്രതിഷേധത്തിന്റെ ഭാഗമായി. പ്രതിഷേധം തിരക്കേറിയ ഇഎം ബൈപാസ് റോഡിലേക്കു വ്യാപിച്ച് ഗതാഗതം തടസപ്പെട്ടതോടെ പോലീസ് ഇടപെടുകയും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എന്നാൽ ചെറുസംഘങ്ങളായി വീണ്ടും പ്രതിഷേധക്കാർ സംഘടിച്ചെത്തി. വൈകുന്നേരം നാല് മുതൽ പുലർച്ചെ 12 വരെ പ്രദേശത്ത് പോലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.