കോൽക്കത്ത: കോല്‍ക്കത്ത ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ നുണ പരിശോധനയ്ക്കു വിധേയനാക്കാൻ സിബിഐ നീക്കം.
വനിതാ ഡോക്ടറുടെ മൃതദേഹം കോളജിലെ സെമിനാർ ഹാളിൽ കണ്ടെത്തിയതിന്റെ രണ്ടാംദിവസമാണ് സന്ദീപ് ഘോഷ് രാജിവച്ചത്. ഇതിനകം പലതവണ സന്ദീപ് ഘോഷ് സിബിഐ സംഘത്തിനു മുന്നിൽ ഹാജരായിക്കഴിഞ്ഞു.
ചില ഉത്തരങ്ങളിൽ വൈരുദ്ധ്യം ഉണ്ടെന്നും ഈ സാഹചര്യത്തിൽ നുണപരിശോധനയ്ക്കു വിധേയനാക്കാനാണു തീരുമാനമെന്നും സിബിഐ ഉദ്യോഗസ്ഥൻ അറിയിച്ചു. വനിതാ ഡോക്ടറുടെ മരണം അറിഞ്ഞശേഷം എന്തെല്ലാം ചെയ്തു എന്നതുൾപ്പെടെയാണു സിബിഐ ഡോക്ടറോടു ചോദിച്ചറിഞ്ഞത്. മൃതദേഹം കാണാൻ മാതാപിതാക്കൾ മൂന്നുമണിക്കൂർ കാത്തിരിക്കേണ്ടിവന്നതിനെക്കുറിച്ചും ചോദിച്ചു.
ഇതോടൊപ്പം കൊലപാതകം നടന്നതിനു തൊട്ടുടുത്തദിവസം സെമിനാർ ഹാളിനോടു ചേർന്നുള്ള മുറികളുടെ അറ്റകുറ്റപ്പണിക്ക് ഉത്തരവിട്ടത് എന്തിനെന്നും ചോദിച്ചു. ഇതിലെ ഉത്തരങ്ങളിൽ അവ്യക്തതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
അതേസമയം കേസിലെ പ്രതിയായ പോലീസ് സിവിക് വൊളണ്ടിയർ സഞ്ജയ് റോയിയെ നുണപരിശോധനയ്ക്കു വിധേയനാക്കുന്നതിനു കോടതി ഇതിനകം സിബിഐയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.