കോൽക്കത്ത: കോല്‍ക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായ പതിനാലാം ദിവസവും സിബിഐ ചോദ്യംചെയ്തു. ഇതോടെ മൊത്തം 140 മണിക്കൂറിലധികം ഇദ്ദേഹം ചോദ്യംചെയ്യലിനു വിധേയനായതായി സിബിഐ സംഘം സ്ഥിരീകരിച്ചു.
വനിതാ ഡോക്്ടറുടെ കൊലപാതകം, മെഡിക്കൽ കോളജിലെ സാന്പത്തിക ക്രമക്കേട് എന്നിവയിൽ ഇദ്ദേഹത്തിന് പങ്കുണ്ടോയെന്നാണ് സംശയം. ഞായറാഴ്ച സന്ദീപ് ഘോഷിന്റെ വസതിയിൽ സിബിഐ പരിശോധന നടത്തിയിരുന്നു.
കൊലപാതകക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ച സിബിഐയുടെ വിവിധ സംഘങ്ങൾ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു.
അതിനിടെ കോൽക്കത്ത നഗരത്തിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ഇന്നലെയും നിരവധി പ്രതിഷേധങ്ങൾ അരങ്ങേറി. സംസ്ഥാന വനിതാകമ്മീഷൻ ഓഫീസ് മഹിളാ മോർച്ച പ്രവർത്തകർ പുറത്തുനിന്നും പൂട്ടിയിട്ടു പ്രതിഷേധിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ പറഞ്ഞു.
വനിതാ ഡോക്്ടറുടെ കൊലപാതകത്തിൽ വനിതാ കമ്മീഷൻ നടപടിയെടുത്തില്ലെന്നായിരുന്നു സമരക്കാരുടെ പരാതി. മുഖ്യമന്ത്രി മമത ബാനർജിയുടെ രാജിയാവശ്യപ്പെട്ട് ബിജെപിയുടെ കുത്തിയിരിപ്പ് സമരവും തുടരുകയാണ്.
അതേസമയം ബലാത്സംഗക്കേസുകളിൽ പ്രതികൾക്കു വധശിക്ഷ ഉറപ്പാക്കി കേന്ദ്രം നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധം അരങ്ങേറി.