ന്യൂഡൽഹി: കോല്‍ക്കത്തയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയുടെ സുരക്ഷ ഏറ്റെടുക്കാൻ കേന്ദ്ര വ്യവസായ സുരക്ഷാ സേനയ്ക്കു (സിഐഎസ്എഫ്) കേന്ദ്രസർക്കാർ നിർദേശം നൽകി. സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
ഇതേത്തുടർന്ന് സിഐഎസ്എഫ് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ആശുപത്രി സന്ദർശിച്ചു. റെസി ഡന്റ് ഡോക്ടർമാരുടെ ഹോസ്റ്റലുകൾക്കുപുറത്ത് ഉൾപ്പെടെ അർധസൈനിക വിഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണു തീരുമാനം.
അതിനിടെ ഡോ ക്ടറുടെ കൊലപാതകം, തുടർന്ന് ആശുപത്രിയിൽ നടന്ന അതിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള പൊതുതാത്പര്യഹർജികളിൽ വാദംകേൾക്കുന്നതു കൽക്കട്ട ഹൈക്കോടതി അടുത്തമാസം നാലുവരെ നീട്ടി. സമാനവിഷയങ്ങൾ സുപ്രീംകോടതിയും പരിഗണിക്കുന്ന സാഹചര്യത്തിലാണിത്.
ഡോക്ടർമാരുൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചട്ടങ്ങൾക്കായി പത്തംഗ ദൗത്യസംഘത്തിനു സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി ഇന്നു സമർപ്പിക്കാൻ സുപ്രീംകോടതിക്കും പശ്ചിമബംഗാൾ സർക്കാരിനും നിർദേശം നൽകിട്ടുമുണ്ട്. ഇതേത്തുടർന്നാണ് പൊതുതാത്പര്യഹർജികൾ നീട്ടിവയ്ക്കാൻ ഹൈക്കോടതി തീരുമാനിച്ചത്.