ന്യൂഡൽഹി: കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ ക്രൂര ബലാത്സംഗത്തിനിരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാളെ ഹർജി പരിഗണിക്കും.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവത്തിൽ കോടതി കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ 13ന് ഇതുസംബന്ധിച്ച ഹർജി പരിഗണിച്ച കോൽക്കത്ത ഹൈക്കോടതി പോലീസ് അന്വേഷണത്തിൽ അതൃപ്തി അറിയിക്കുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യമെങ്ങും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ശനിയാഴ്ച രാജ്യവ്യാപകമായി ഡോക്ടർമാരടക്കം ഒപി വിഭാഗത്തിലെ ആരോഗ്യപ്രവർത്തകർ പണിമുടക്കിയിരുന്നു. സംഭവം നടന്ന ആർജി കർ ആശുപത്രിക്കുനേരേ ആൾക്കൂട്ട ആക്രമണവും ഉണ്ടായിരുന്നു. ആശുപത്രി പരിസരത്ത് ഏഴു ദിവസത്തേക്ക് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മെഡിക്കൽ കോളജ് പരിസരത്ത് പ്രതിഷേധം പാടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട ജൂണിയർ ഡോക്ടർക്കു നീതി തേടി രാജ്യതലസ്ഥാനത്ത് മനുഷ്യച്ചങ്ങല തീർത്തും മെഴുകുതിരി തെളിച്ചും ആരോഗ്യപ്രവർത്തകർ പ്രതിഷേധിച്ചു. ഡൽഹി മെഡിക്കൽ അസോസിയേഷനടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരം പാടില്ലെന്ന പോലീസിന്റെ വിലക്കു ലംഘിച്ചാണ് വിവിധ ആശുപതികളിൽനിന്നുള്ള ഡോക്ടർമാർ ഡൽഹി കോണാട്ട് പ്ലേസിൽ പ്രതിഷേധവുമായി ഇന്നലെ വൈകുന്നേരം ഒത്തുചേർന്നത്.