ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രത്തോടും ബംഗാൾ സർക്കാരിനോടും സുപ്രീംകോടതി.
നിയമം അതിന്റെ വഴിക്കാണു പോകുന്നതെന്ന് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ച് ഇരുകൂട്ടരോടും പറഞ്ഞു. വനിതാ ഡോക്ടറുടെ കൊലപാതകത്തെത്തുടർന്ന് പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും കോടതി നിർദേശിച്ചു.
കേസ് കൈകാര്യം ചെയ്യുന്നതിൽ ബംഗാൾ പോലീസിന്റെ ഭാഗത്ത് കടുത്ത വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 30 വർഷത്തിനിടെ ആദ്യമായാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടി കാണുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
കേസ് വീണ്ടും പരിഗണിക്കുന്പോൾ പോലീസിലെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കുറ്റകൃത്യം നടന്ന സ്ഥലത്ത് മാറ്റങ്ങൾ വരുത്തിയതായി സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ച തത്സ്ഥിതി റിപ്പോർട്ടിൽ ആരോപിച്ചു.
എന്നാൽ , കുറ്റകൃത്യം നടന്ന സ്ഥലത്തെ എല്ലാ കാര്യങ്ങളും വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്ന് ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചു.