കോൽക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ തുടർച്ചയായ മൂന്നാം ദിവസവും സിബിഐ സംഘം ചോദ്യം ചെയ്തു.
ഘോഷിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ സിബിഐ പരിശോധിച്ചുവരികയാണ്. കോൾ, ചാറ്റ് വിവരങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. സംഭവം നടന്നതിനു മുന്പും ശേഷവും ഇദ്ദേഹം നടത്തിയ ഫോൺവിളികളുടെയും ചാറ്റുകളുടെയും വിശദാംശങ്ങളാണു പരിശോധിക്കുന്നത്.
സംഭവത്തിനുശേഷം ആശുപത്രിയിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലെ സെമിനാർ ഹാളിനു സമീപത്തെ മുറികൾ നവീകരിക്കാൻ ഉത്തരവിട്ടത് ആരാണെന്ന് ഘോഷിനോട് ചോദിച്ചതായി സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ഗൂഢാലോചനയോ ആസൂത്രണമോ ഉണ്ടായിരുന്നോ എന്നും സംഭവത്തിൽ മുൻ പ്രിൻസിപ്പലിന് ഏതെങ്കിലും തരത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഘോഷ് നൽകിയ മറുപടികൾ സംഭവദിവസം ജോലിയിലുണ്ടായിരുന്ന മറ്റു ഡോക്ടർമാരുടെയും ജൂണിയർ ഡോക്ടർമാരുടെയും മൊഴിയുമായി ചേർത്തു പരിശോധിക്കും. ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ഘോഷ് മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിച്ചില്ല. ഇതുവരെ, രണ്ട് പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ ഇരുപതോളം പേരെ സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. യുവഡോക്ടറുടെ കൊലപാതകം നടന്ന് രണ്ടു ദിവസത്തിനുശേഷം ഘോഷ് പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചിരുന്നു.