കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിനിരയായ മുഴുവൻ കുടുംബങ്ങളുടെയും പുനരധിവാസം സാധ്യമാക്കുന്നതിനുള്ള സത്വര നടപടികളാണു സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രിസഭാ ഉപസമിതി.
ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങളും പുനരധിവാസ പാക്കേജിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനു പഴുതടച്ച സംവിധാനമാണ് നടപ്പാക്കുന്നതെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു.
ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരുടെ താത്കാലിക പുനരധിവാസം ഉറപ്പാക്കുന്നതിന് കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എപിജെ ഹാളിൽ ചേർന്ന ത്രിതലപഞ്ചായത്ത് അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാന്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവർ ഉൾപ്പെടെ അർഹരായ മുഴുവൻ പേർക്കും സഹായം ലഭ്യമാക്കും. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാൻ ദുരിതാശ്വാസ ക്യാംപുകളിൽ രജിസ്റ്റർ ചെയ്യണമെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങളിൽ കഴന്പില്ല.
ക്യാംപുകളിൽ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല ഉരുൾപൊട്ടൽ ദുരിതം വിതച്ച പ്രദേശങ്ങളിൽ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പുനരധിവാസ പാക്കേജ് തയാറാക്കുകയെന്നും മന്ത്രി അറിയിച്ചു.
ക്യാന്പുകളിൽ കഴിയുന്നവരുടെ താത്കാലിക പുനരധിവാസത്തിനാണു സർക്കാർ ഇപ്പോൾ ഊന്നൽ നൽകുന്നത്. വിവിധ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ക്യാന്പുകളിൽ താമസിക്കുന്നവരെ താത്കാലികമായി പുനരധിവസിപ്പിക്കുന്നതിനു ത്രിതല പഞ്ചായത്ത് പരിധിയിലുള്ള ഒഴിഞ്ഞ വീടുകൾ, ക്വാർട്ടേഴ്സുകൾ, ഫ്ലാറ്റുകൾ, ഹോസ്റ്റലുകൾ എന്നിവ കണ്ടെത്തി എത്രയും വേഗം അറിയിക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും മന്ത്രിസഭാ സമിതി നിർദേശം നൽകി.
ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ക്ലാസുകൾ എത്രയും വേഗം തുടങ്ങുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്. താത്കാലിക പുനരധിവാസത്തിനായി സർക്കാരിനു കീഴിലെ ഹോട്ടലുകൾ, ക്വാർട്ടേഴ്സുകൾ തുടങ്ങിയവയും ഉപയോഗപ്പെടുത്തും.
വാടകയില്ലാതെ വീടുകളും ക്വാർട്ടേഴ്സുകളും മറ്റും പൂർണമായോ ഭാഗികമായോ വിട്ടുനൽകാമെന്ന വാഗ്ദാനവുമായി പലരും മുന്നോട്ടുവന്നിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നിശ്ചിത വാടക നിശ്ചയിച്ച് കുടുംബങ്ങളുടെ പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ചാലിയാർ പുഴ കേന്ദ്രീകരിച്ച് പോലീസും നാട്ടുകാരും സംയുക്തമായി നടത്തുന്ന തെരച്ചിൽ തുടരുമെന്നു പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ദുരിതബാധിതർക്കു കൂടുതൽ സൗകര്യപ്രദമായ താമസം ഒരുക്കുന്നതിനും ക്യാന്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പഠനം പുനരാരംഭിക്കാനുമാണ് ആളുകളെ താത്കാലികമായി പുനരധിവസിപ്പിക്കാനുള്ള അടിയന്തര പദ്ധതി നടപ്പാക്കുന്നത്.
പ്രതിസന്ധി ഘട്ടത്തിൽ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായ പ്രവർത്തനമാണു കാഴ്ചവച്ചതെന്നും പുനരധിവാസ കാര്യത്തിലും അത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ പരിഗണന സമീപ പഞ്ചായത്തുകൾക്ക്
ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിനു സമീപ പഞ്ചായത്തുകൾക്കാണ് ആദ്യ പരിഗണന നൽകുകയെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മേപ്പാടി പഞ്ചായത്ത് പരിധികളിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ, സർക്കാർ ക്വാട്ടേഴ്സുകൾ, ഹോട്ടലുകൾ, ഹോം സ്റ്റേകൾ, ഹോസ്റ്റലുകൾ കണ്ടെത്തി ആളുകളെ താത്കാലികമായി പുനരധിവസിപ്പിക്കും.
മറ്റ് ത്രിതല പഞ്ചായത്തുകളിലും ഇത്തരത്തിൽ വിവരശേഖരണം നടത്തി കരുതൽ സ്ഥലം കണ്ടെത്തും. ക്യാന്പുകളിൽ താമസിക്കുന്നവരെ ഘട്ടംഘട്ടമായി സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രിമാർ അറിയിച്ചു.
സൗജന്യമായി വീട് വിട്ടുതരാൻ സന്നദ്ധരായ വ്യക്തികൾ തദ്ദേശസ്ഥാപന അധികൃതരെ വിവരം അറിയിക്കണം. കൽപ്പറ്റ, ബത്തേരി നഗരസഭകൾ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അന്പലവയൽ, വൈത്തിരി, മുട്ടിൽ, പടിഞ്ഞാറത്തറ, മൂപ്പൈനാട്, കോട്ടത്തറ, പനമരം പഞ്ചായത്ത് പരിധിയിൽ ഒഴിഞ്ഞു കിടക്കുന്നതും ഉപയോഗപ്രദമായതുമായ സർക്കാർ ക്വാർട്ടേഴ്സുകളുടെയും ഹോസ്റ്റലുകളുടെയും ലഭ്യത സംബന്ധിച്ച് അധ്യക്ഷർ യോഗത്തിൽ അറിയിച്ചു.