കൽപ്പറ്റ: ഉരുൾവെള്ളം കുതിച്ചെത്തിയപ്പോൾ അഭയമായി ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി. അർധരാത്രിയിൽ സകലതും തകർത്തെറിഞ്ഞ് നൂറുകണക്കിന് ജീവനുകൾ കവർന്ന് മലവെള്ളം എത്തിയപ്പോൾ ജീവൻ ബാക്കിയായവർക്ക് ആദ്യം അഭയമായത് ഈ പള്ളിയും പാരിഷ് ഹാളുമായിരുന്നു. ഉറ്റവരെയും ജീവിതസന്പാദ്യവും പ്രകൃതി തിരികെയെടുത്തപ്പോൾ ജീവൻ കൈയിൽപിടിച്ച് എത്തിയവർക്ക് വികാരി ഫാ. ജിബിൻ വട്ടുകുളത്തിന്റെ നേതൃത്വത്തിൽ അഭയമേകി.
അപകടം നടന്നയുടനെ പള്ളിയിലും പാരിഷ് ഹാളിലുമായാണ് എല്ലാവരെയും രക്ഷാപ്രവർത്തനം നടത്തി എത്തിച്ചത്. ഇവിടെനിന്നാണ് ആശുപത്രിയിലേക്കും മറ്റ് ദുരിതാശ്വാസ ക്യാന്പുകളിലേക്കും അവരെ കൊണ്ടുപോയത്.
ഇരുനൂറോളം പേരെയാണ് അപകടസ്ഥലത്തുനിന്നു രക്ഷിച്ച് പള്ളിയിലേക്ക് കൊണ്ടുവന്നത്. ഭക്ഷണവും പ്രാഥമികശുശ്രൂഷകളും ആദ്യം നൽകി. വൈകുന്നേരത്തോടെ സർക്കാരിന്റെ ക്യാന്പ് തയാറായപ്പോഴാണ് ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരെ അങ്ങോട്ട് മാറ്റിയത്.
ജാതിമത വ്യത്യാസങ്ങൾക്കപ്പുറം ഹൃദയം തകർന്ന മനുഷ്യരെ ചേർത്തുപിടിച്ച ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെ ഒന്പതുപേരെയും നഷ്ടമായി. ഇതിൽ അഞ്ചുപേരെ മാത്രമാണ് കണ്ടെത്തിയത്. നാലുപേർ ഇപ്പോഴും കാണാമറയത്താണ്.
ഉരുൾപൊട്ടലിൽ ചൂരൽമല വില്ലേജ് ഓഫീസ് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിപ്പോയി. ഇപ്പോൾ വില്ലേജ് ഓഫീസ് സംവിധാനങ്ങളും പഞ്ചായത്തുതല പ്രവർത്തനങ്ങളുമൊക്കെ നടക്കുന്നത് പാരിഷ് ഹാളിലാണ്.
അവർക്കാവശ്യമായ ഭക്ഷണവും മറ്റ് ക്രമീകരണങ്ങളും തയാറാക്കി നൽകി. സൈന്യത്തിന്റെയും പോലീസിന്റെയും അടക്കമുള്ള വാഹനങ്ങളുടെ പാർക്കിംഗും ഇപ്പോഴും ഇവിടെയാണ് സൈന്യം ഇടയ്ക്ക് വിശ്രമിക്കാനെത്തുന്നതും പള്ളിയിലാണെന്ന് വികാരി ഫാ. ജിബിൻ വട്ടുകുളം പറഞ്ഞു.