കൊല്ലം: മെമു ട്രെയിനുകളുടെ പരിഷ്കരിച്ച പതിപ്പായ വന്ദേ മെട്രോയുടെ രാജ്യത്തെ പ്രഥമ സർവീസ് 15ന് ആരംഭിക്കുമെന്ന് സൂചന. ആദ്യ സർവീസ് മുംബൈയിൽ നിന്ന് തുടങ്ങാനാണ് സാധ്യതയെന്നും റെയിൽവേ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷവുവായി ബന്ധപ്പെട്ട് രാജ്യത്ത് റെയിൽവേ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇതിന്റെയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വന്ദേ മെട്രോയുടെ ട്രയൽ റൺ കഴിഞ്ഞ ദിവസം ചെന്നൈ ബീച്ച് ജംഗ്ഷൻ സ്റ്റേഷൻ മുതൽ കാട്പാടി ജംഗ്ഷൻ സ്റ്റേഷൻ വരെ നടന്നു. റെയിൽവേയുടെ ചീഫ് സേഫ്റ്റി കമ്മീഷണർ ജനക് ഗാർഗ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ട്രയൽ റണ്ണിന് നേതൃത്വം നൽകി. 110 കിലോമീറ്റർ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം. ട്രയൽ റൺ സമ്പൂർണ വിജയമായിരുന്നു.
രാജ്യത്ത് ഹ്രസ്വദൂര റൂട്ടുകളിൽ വേഗമേറിയ വന്ദേ മെട്രോകൾ ഓടിത്തുടങ്ങുമ്പോൾ കേരളത്തിന് വലിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. സംസ്ഥാനത്ത് 10 റൂട്ടുകളിൽ വന്ദേ മെട്രോകൾ സർവീസ് ആരംഭിക്കാൻ റെയിൽവേ തയാറെടുക്കുന്നതായാണ് വിവരം.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ കഴിഞ്ഞ മാസം വികസിപ്പിച്ചെടുത്ത വന്ദേ മെട്രോയിൽ 12 കോച്ചുകളാണ് ഉള്ളത്. ഏല്ലാം ഏസി കോച്ചുകളാണ്. മണിക്കൂറിൽ 130 കിലോമീറ്ററാണ് വേഗത. 200 മുതൽ 250 കിലോമീറ്റർ വരെ ദൈർഘ്യമുള്ള റൂട്ടുകളിൽ ഇവ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. തിരക്കേറിയ റൂട്ടുകളിൽ 16 കോച്ചുകൾ വരെ ഘടിപ്പിക്കാനാകുമെന്ന് ചീഫ് സേഫ്റ്റി കമ്മീഷണർ പറഞ്ഞു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പുരോഗമിക്കുന്ന വന്ദേ മെട്രോ കോച്ചുകളിൽ അദ്ദേഹം സന്ദർശനവും നടത്തി.
വന്ദേ മെട്രോ ട്രെയിനിൽ പാൻട്രി കാറുകൾ ഉണ്ടാകില്ല. ഓരോ കോച്ചുകളിലും 100 പേർക്ക് ഇരിക്കാം. ആഡംബര സീറ്റുകളാണ് ഇതിനായി ഏർപ്പെടുത്തിയിട്ടുള്ളത്. 200 പേർക്ക് നിൽക്കാൻ സൗകര്യത്തിന് സ്റ്റാൻഡുകളും ഘടിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ഓട്ടോമാറ്റിക് ഇരട്ട വാതിലുകളും ക്രമീകരിച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ ചാർജിംഗ്, ഡിജിറ്റൽ നോട്ടീസ് ബോർഡുകൾ, നിരീക്ഷണ കാമറകൾ, അത്യാധുനിക ടോയ്ലറ്റുകൾ എന്നിവയും മറ്റ് പ്രത്യേകതകളാണ്. ഹ്രസ്വദൂര സർവീസ് ആയതിനാൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഉണ്ടാകില്ല. സാധാരണ പാസഞ്ചർ സർവീസുകളിലേത് പോലെ അതത് സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് എടുക്കണം. പ്രധാന സ്റ്റേഷനുകളിൽ എല്ലാം സ്റ്റോപ്പുണ്ടാകും. ടിക്കറ്റ് നിരക്കുകളും അന്തിമമായി തീരുമാനിച്ചിട്ടില്ല. മുന്തിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ സൂപ്പർ ഫാസ്റ്റ് ചാർജ് ഏർപ്പെടുത്താനാണ് സാധ്യത.
കേരളത്തിൽ എറണാകുളം-കോഴിക്കോട്, തിരുവനന്തപുരം-എറണാകുളം, കോഴിക്കോട് -പാലക്കാട്, കോട്ടയം-പാലക്കാട്, എറണാകുളം-കോയമ്പത്തൂർ, ഗുരുവായൂർ-മധുര, കൊല്ലം-തിരുനെൽവേലി, കൊല്ലം-തൃശൂർ, കോഴിക്കോട് – മംഗലാപുരം, നിലമ്പൂർ-മേട്ടുപ്പാളയം എന്നീ റൂട്ടുകളാണ് വന്ദേ മെട്രോ സർവീസ് നടത്താൻ പരിഗണിക്കുന്നത്.