മലപ്പുറം: കൂരിയാട് വീണ്ടും ദേശീയപാതയുടെ പാർശ്വഭിത്തി ഇടിഞ്ഞുവീണു. പ്രധാന റോഡിന്റെ പാർശ്വഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. നേരത്തെ അപകടം ഉണ്ടായതിനു സമീപമാണ് റോഡ് തകർന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണു തകർന്നത്. കല്ലും മണ്ണുമെല്ലാം സർവീസ് റോഡിലേക്കു വീണിട്ടുണ്ട്. സർവീസ് റോഡിൽ കൂടുതലായി വിള്ളൽ വീഴുകയും റോഡ് ചെരിയുകയും ചെയ്തു. സമീപത്തുള്ള പാടത്തേക്ക് സർവീസ് റോഡ് കൂടുതൽ തള്ളി നീങ്ങിയിട്ടുമുണ്ട്.
മഴ ശക്തമായതോടെ കൂരിയാട് വയലിൽ വെള്ളമുയർന്ന് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിംഗ് നടത്തി തൂണുകൾ സ്ഥാപിച്ച് പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ ദിവസം പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ തകർന്ന ദേശീയപാത സന്ദർശിച്ചിരുന്നു.