കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നുറപ്പാണെന്ന് വടകര എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പില്‍. എതിർ സ്ഥാനാർഥിയായി ആര് വന്നാലും പ്രശ്നമില്ലെന്നും ഷാഫി പറഞ്ഞു.
“എതിര് സ്ഥാനാര്‍ഥി ഇല്ലെന്ന് പ്രതീക്ഷിച്ചല്ല മത്സരിക്കുന്നത്. രാഷ്ട്രീയ പോരാട്ടം നടന്നാലും ഗുണം യുഡിഎഫിന് തന്നെയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് യുഡിഎഫിന്റെ ജയമാണ്. എല്‍ഡിഎഫ് കെട്ടിയ വാഗ്ദാനങ്ങള്‍ ജനത്തിന് മുന്നില്‍ പൊളിഞ്ഞു വീഴുകയാണ്.’-ഷാഫി പറന്പിൽ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ആദ്യ ചോയിസ് സ്ഥാനാര്‍ത്ഥി സ്വരാജായിരുന്നോ എന്ന് പാർട്ടി വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം. സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഷാഫിയുടെ പ്രതികരണം.