മെഡിക്കല്‍ കോളജ്: പക്ഷാഘാതം സംഭവിച്ച് ആശുപത്രിയിലെത്തിയരോഗി ലിഫ്റ്റില്‍ കുടുങ്ങി. നെയ്യാറ്റിന്‍കര സ്വദേശി സെല്‍വരാജ് (80), ഇദ്ദേഹത്തിന്റെ സഹായി എന്നിവരാണ് ലിഫിറ്റില്‍ അകപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു സമീപത്ത് പുതുതായി പണികഴിപ്പിച്ച ലിഫ്റ്റിലാണ് വയോധികനും ഒപ്പമുണ്ടായിരുന്നയാളും കുടുങ്ങിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടുമണിക്കാണ് സംഭവം.
ലിഫ്റ്റിന്റെ വീല്‍ പ്രവര്‍ത്തനരഹിതമായതാണ് പ്രശ്നത്തിനു കാരണം. വിവരമറിഞ്ഞു ചാക്ക ഫയര്‍സ്റ്റേഷനില്‍നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ജി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഗ്രേഡ് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യൂ ഓഫീസര്‍ ആര്. രാജേഷ്, എഫ്ആര്‍ഒ എം. മനോജ്, ഡ്രൈവര്‍മാരായ ആദര്‍ശ് ആര്. കുമാര്‍, സജിത്ത് കുമാര്‍, ഹോം ഗാര്‍ഡ് ശിവകുമാര്‍, ട്രെയിനി ഹരിനാരായണന് എന്നിവര്‍ ചേര്‍ന്നു വളരെ പണിപ്പെട്ടാണ് വീല്‍ കറക്കി ലിഫ്റ്റ് തുറന്നു വയോധികനെയും സഹായിയെയും രക്ഷപ്പെടുത്തിയത്.