കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരേ സംസ്ഥാനത്ത് സമീപകാലങ്ങളില്‍ നടക്കുന്ന ആസൂത്രിതമായ മതവര്‍ഗീയ അധിനിവേശ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് മൂവാറ്റുപുഴ നിര്‍മല കോളജില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്. ഇവിടെ കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ അക്കാദമിക് അന്തരീക്ഷം തകിടംമറിക്കുന്ന തരത്തിലുള്ളതാണ്.
ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കോളജ് കാമ്പസില്‍ നിസ്കാരം നടത്തുന്നതിന് മുറി വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കോളജ് പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും മുദ്രാവാക്യം മുഴക്കി സമരം ചെയ്യുകയുമാണുണ്ടായത്.
നിയമപരമായോ ധാര്‍മികമയോ യാതൊരു സാധുതയുമില്ലാത്ത ഇത്തരം ഒരാവശ്യം ഉയര്‍ത്തിക്കൊണ്ട് കോളജ് അന്തരീക്ഷം കലുഷിതമാക്കുന്നതിന് കേരളത്തിലെ പ്രബലമായ രണ്ടു വിദ്യാര്‍ഥി സംഘടനകളുടെ യൂണിറ്റുകള്‍ നേതൃത്വം നല്കി എന്ന സാഹചര്യം ആശങ്കയുളവാക്കുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുള്ള ഗൂഢാലോചനയും ലക്ഷ്യങ്ങളും അന്വേഷണവിധേയമാക്കണം. കൂടുതല്‍ അനിഷ്ട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി നിര്‍മല കോളജിനും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും ആവശ്യമായ സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് കണ്‍വീനര്‍ ബിഷപ് മാർ തോമസ് തറയില്‍ ആവശ്യപ്പെട്ടു.