കൊച്ചി: ചങ്ങനാശേരി ആർച്ച്ബിഷപ്പായി മാര്‍ തോമസ് തറയിലിനെയും ഷംഷാബാദ് ബിഷപ്പായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും സീറോമലബാർ സഭാ സിനഡ് തെരഞ്ഞെടുത്തു.
മൗണ്ട് സെന്റ് തോമസില്‍ നടന്ന പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലാണു പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചത്.
ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം 75 വയസ് പൂര്‍ത്തിയായതിനെത്തുടര്‍ന്നു രാജിവച്ച ഒഴിവിലേക്കാണ് സഹായമെത്രാനായ മാര്‍ തറയില്‍ നിയമിതനായത്. ഷംഷാബാദ് ബിഷപ്പായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി ചുമതലയേറ്റതിനെത്തുടര്‍ന്നാണ് നിലവില്‍ അദിലാബാദ് മെത്രാനായ മാര്‍ പാണേങ്ങാടന്റെ പുതുനിയോഗം.
ഓഗസ്റ്റ് 19 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയില്‍ നടക്കുന്ന മെത്രാന് സിനഡിലായിരുന്നു ഇരുവരുടെയും തെരഞ്ഞെടുപ്പ്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ ഇറ്റാലിയന്‍ സമയം ഉച്ചയ്ക്കു 12നു വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടത്തി.
മാര്‍ തറയിലിന്റെയും മാര്‍ പാണേങ്ങാടന്റെയും നിയമനം സംബന്ധിച്ച മേജർ ആർച്ച്ബിഷപ്പിന്റെ കല്പനകൾ, യഥാക്രമം കൂരിയ ചാന്‍സലര്‍ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തിലും വൈസ് ചാന്‍സലര്‍ ഫാ. ജോസഫ് മറ്റത്തിലും വായിച്ചു. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ് ഇരുവര്‍ക്കും നിയമനപത്രം കൈമാറി ഹാരം അണിയിച്ചു.
സ്ഥാനമൊഴിഞ്ഞ മാര്‍ ജോസഫ് പെരുന്തോട്ടം മാര്‍ തറയിലിനും, ഷംഷാബാദ് രൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, സഹായമെത്രാന്‍ മാർ തോമസ് പാടിയത്ത് എന്നിവര്‍ ചേര്‍ന്നു മാര്‍ പാണേങ്ങാടനും ബൊക്കെ നല്കി ആദരവറിയിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
പുതുതായി ഏല്പിക്കപ്പെട്ടിരിക്കുന്ന നിയോഗം ദൈവഹിതപ്രകാരം നിര്‍വഹിക്കാന്‍ ഏവരും പ്രാര്ഥിക്കണമെന്നു മാര്‍ തറയിലും മാര്‍ പാണേങ്ങാടനും മറുപടിപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സിനഡിലെ മെത്രാന്മാരും ചടങ്ങിനെത്തിയ വൈദികരും സമര്‍പ്പിതരും അല്മായരും ഇരുവര്‍ക്കും അനുമോദനങ്ങളറിയിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പ്രാര്‍ഥനയോടെയാണു ചടങ്ങുകള്‍ സമാപിച്ചത്.
മാർ തോമസ് തറയിലിന്റെയും മാർ പ്രിൻസ് പാണേങ്ങാടന്റെയും സ്ഥാനാരോഹണം പിന്നീടു നടക്കും.