തിരുവനന്തപുരം: കല്യാണങ്ങൾക്കും സ്വകാര്യ പരിപാടികൾക്കും ചാർട്ടേഡ് ട്രിപ്പുകൾ നിരക്ക് കുറച്ച് നൽകാൻ കെഎസ്ആർടിസിയുടെ തീരുമാനം. ചെലവ് കുറച്ച് അധിക വരുമാനം ലക്ഷ്യംവച്ച് ലഭ്യമായ സ്പെയർ ബസുകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓർഡിനറി ബസിനുമുതൽ വോൾവോയ്ക്ക് വരെ പുതിയ നിരക്ക് ബാധകമായിരിക്കുമെന്നാണ് വിവരം.
ബസുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയാണ് സ്വകാര്യ ട്രിപ്പുകൾക്കായി തയ്യാറാക്കിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം നാല് മണിക്കൂർ ദൈർഘ്യമുള്ള 40 കിലോമീറ്റർ യാത്രയ്ക്ക് മിനി ബസിന് 3500 രൂപ നൽകിയാൽ മതി. എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ജിഎസ്ടി കൂടി ചേർത്തുള്ള തുകയാണിത്.
നാല് മണിക്കൂർ യാത്രയ്ക്ക് ഓർഡിനറി ബസിന് 3600 രൂപയാണ് നിരക്ക്. 40 കിലോമീറ്റർ എന്നത് ട്രിപ്പ് പോയി തിരിച്ചുവരുന്ന ദൂരമാണ്. അധികമായി വരുന്ന ഓരോ കിലോമീറ്ററിനും ബസിന്റെ ക്ളാസ് അനുസരിച്ചുള്ള തുകയും ജിഎസ്ടിയും നൽകണം.