തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥയ്ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫിന് ഒന്‍പത് സീറ്റില്‍ വിജയം. ബിജെപി രണ്ടു സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് സീറ്റ് ലഭിക്കുന്നത്.
പ്രിന്‍സിപ്പല്‍ പ്രതിനിധിയുടെയും, സര്‍ക്കാര്‍, സ്വകാര്യ കോളജ് അധ്യാപകരുടെയും സീറ്റുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. പ്രഫ. കെ.സി. പ്രകാശ് (എയ്ഡഡ് കോളജ് പ്രിന്‍സിപ്പല്‍), ഡോ. കെ. റഹീം (സര്‍ക്കാര്‍ കോളജ് അധ്യാപകന്), എയ്ഡഡ് കോളജ് അധ്യാപകരായ ഡോ. എന്‍. പ്രമോദ്, ഡോ. ടി. ആര്. മനോജ്, ആര്.ബി. രാജീവ് കുമാര്‍ (പൊതുമണ്ഡലം), ഡി.എന്‍. അജയ് (പൊതുമണ്ഡലം) എന്നിവരാണ് എല്‍ഡിഎഫില്‍ നിന്ന് വിജയിച്ചവര്‍. ഡോ. എസ്. നസീബ് (സര്‍ക്കാര്‍ അധ്യാപക മണ്ഡലം), ഡോ.വി. മനോജ് (സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍), ഡോ. എം. ലെനിന് ലാല്‍ (സംവരണം) എന്നീ മൂന്ന് ഇടത് അംഗങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പുഷ്പലത തോറ്റു.
അഹമ്മദ് ഫസില്‍ (പൊതുമണ്ഡലം) ആണ് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പി.എസ്. ഗോപകുമാര്‍, ഡോ. വിനോദ് കുമാര്‍ ടി.ജി. നായര്‍ (ഇരുവരും പൊതുമണ്ഡലം) എന്നിവരാണ് ബിജെപി സീറ്റില്‍ വിജയിച്ചവര്‍.
സിപിഐ സ്ഥാനാര്‍ഥി പരാജയപ്പെട്ടു. ഇതിനു പിന്നാലെ വോട്ട് ചോര്‍ച്ചയെ ചൊല്ലി സിപിഎം, സിപിഐ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. വോട്ടുകള്‍ വീതിക്കുന്നതില്‍ സിപിഎം വീഴ്ച വരുത്തിയതാണ് ബിജെപിക്ക് സീറ്റ് ലഭിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു.
രാവിലെ എട്ടു മുതല്‍ 10 വരെയായിരുന്നു വോട്ടെടുപ്പ്. 98 വോട്ടര്‍മാരില്‍ 15 പേരുടെ വോട്ട് പ്രത്യേകം പെട്ടിയിലിടണമെന്നും അത് എണ്ണുന്നത് വിധി വന്നശേഷം മതിയെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
കോടതി വിധി വന്നശേഷം വോട്ടെണ്ണാമെന്ന് വിസി നിലപാടെടുത്തതോടെ തര്‍ക്കമുണ്ടായി. ഉച്ചകഴിഞ്ഞ് മൂന്നോടെ 83 വോട്ടുകള്‍ എണ്ണാമെന്ന് കോടതി വിധി വന്നതിനു പിന്നാലെയാണ് വോട്ടെണ്ണിയത്.