തിരുവനന്തപുരം: മലപ്പുറം ജില്ലാ പോലീസ് മേധാവിയെ പരസ്യമായി അപമാനിച്ച സിപിഎം എംഎൽഎയായ പി.വി. അൻവറിന്റെ നടപടിക്കെതിരേ ഐപിഎസ് അസോസിയേഷൻ. മലപ്പുറം എസ്പിക്കെതിരേ പി.വി. അൻവർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്ന് ഐപിഎസ് അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മലപ്പുറത്ത് പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിലാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.ശശിധരനെ എംഎൽഎ വിമർശിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണ് പി.വി. അൻവർ എംഎൽഎയുടെ പരാമർശങ്ങളെന്നും അസോസിയേഷൻ പാസാക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
എംഎൽഎയുടെ നടപടിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകാനും ഐപിഎസ് അസോസിയേഷൻ തീരുമാനിച്ചു.
എംഎൽഎയുടെ പരസ്യപ്രസ്താവനകൾ അങ്ങേയറ്റം അസ്വാസ്ഥ്യജനകവും അനാവശ്യവുമാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.