പുതുക്കാട് (തൃശൂർ): റഷ്യയിൽ കൊല്ലപ്പെട്ട തൃക്കൂർ നായരങ്ങാടി സ്വദേശി സന്ദീപിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. റഷ്യയിലെ മലയാളി അസോസിയേഷൻ അംഗങ്ങളാണു ഇന്നലെ മൃതദേഹം തിരിച്ചറിഞ്ഞത്.
മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ഊർജിതമാക്കി. താമസിയാതെ മൃതദേഹം നാട്ടിലെത്തിക്കുമെന്നു റഷ്യയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. ഇതിനായി റഷ്യന്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു.
കല്ലൂര്‍ നായരങ്ങാടി കാങ്കില്‍ ചന്ദ്രന്റെയും വത്സലയുടെയും മകന് സന്ദീപ് (36) യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതായി റഷ്യയിലുള്ള മലയാളിയുടെ ശബ്ദസന്ദേശം വാട്സാപ്പിലൂടെ പ്രചരിച്ചിരുന്നു.
താൻ റഷ്യന്‍ സേനയുടെ ഭാഗമാണെന്നും സൈനിക ക്യാമ്പിലെ കാന്റീനിലാണു ജോലിയെന്നും സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെയാണ് സന്ദീപ് ഉൾപ്പെടെ 12 അംഗ റഷ്യന്‍ സേനയിലെ പട്രോളിംഗ് സംഘം ആക്രമിക്കപ്പെട്ടത്.
ദിവസങ്ങളായി സന്ദീപിനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. തുടർന്നു വീട്ടുകാർ എംബസിക്കും കേന്ദ്രമന്ത്രിമാര്‍ക്കും പരാതി നൽകി. ഞായറാഴ്ച പ്രധാനമന്ത്രിക്കും പരാതി നല്കി. തുടർന്നാണ് എംബസി അധികൃതരുടെ മറുപടിയെത്തിയത്.
സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും റഷ്യയില്‍ ജോലിക്കു റിക്രൂട്ട് ചെയ്ത വ്യക്തികളുടെ പങ്കാളിത്തത്തെക്കുറിച്ചും ഇന്ത്യ ഗവൺമെന്റ് അന്വേഷണം നടത്തുമെന്നും എംബസി അധികൃതര്‍ അറിയിച്ചു.
ഉത്തരവാദികള്‍ക്കെതിരേ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സന്ദീപിന്റെ കുടുംബത്തിനു ലഭിച്ച, മോസ്കോയിലെ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ രാംകുമാര്‍ തങ്കരാജിന്റെ ഇ-മെയില്‍ സന്ദേശത്തിൽ പറയുന്നു.
സന്ദീപിനോടൊപ്പം റഷ്യയിലേക്കു പോയിരുന്ന കൊടകര കനകമല സ്വദേശി സന്തോഷ്കുമാർ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഇദ്ദേഹം സുരക്ഷിതനാണെന്നു ബന്ധുക്കൾ അറിയിച്ചു. സന്ദീപും സന്തോഷും ഉൾപ്പെടെ ഏഴു പേരാണ് ചാലക്കുടിയിലെ ഏജന്റ് വഴി റഷ്യയിൽ പോയത്.
റസ്റ്ററന്റ് ജോലി, വയറിംഗ് തുടങ്ങിയ ജോലികൾക്കാണു കൊണ്ടുപോകുന്നതെന്നാണ് ഇവരെ അറിയിച്ചിരുന്നത്.