കൊച്ചി: വിജ്ഞാനകേരളം പദ്ധതിയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നതിന് മുന്‍ മന്ത്രി ടി.എം. തോമസ് ഐസക് പ്രതിഫലം പറ്റുന്നില്ലെന്നില്ലെന്ന് സര്‍ക്കാര്‍. ഐസക്കിന്റെ നിയമനം ചോദ്യം ചെയ്ത് പൊതുപ്രവര്ത്തകന് പായിച്ചിറ നവാസ് സമര്‍പ്പിച്ച ഹർജിയിലാണ് വിശദീകരണം.
സ്വന്തം വാഹനത്തിന് ഇന്ധനമടിക്കാനും ഡ്രൈവര്‍ക്കുമായി മാസം 70,000 രൂപ അനുവദിക്കുന്നുണ്ട്. ഇത് പൊതുഖജനാവിന് വലിയ നഷ്ടമായി കണക്കാക്കാനാകില്ലെന്നും പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി കെ.എസ്. മനോജ് സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇല്ലാത്ത വകുപ്പിലേക്കാണ് തോമസ് ഐസക്കിനെ നിയമിച്ചിരിക്കുന്നതെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ശരിയല്ല. സര്‍ക്കാര്‍ ചട്ടങ്ങളനുസരിച്ച് രൂപീകരിച്ച പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് വിഭാഗത്തിലാണ് നിയമനം നടത്തിയത്.
നിയമനം സംബന്ധിച്ച സര്‍ക്കുലര്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ ധനവകുപ്പിനും കൈമാറിയിരുന്നു. നിയമനത്തിന് ധനവകുപ്പിന്റെ അംഗീകാരമില്ലെന്ന വാദം ശരിയല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.