തിരുവനന്തപുരം: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.കെ.ശശിക്കെതിരേയുള്ള പാർട്ടി അച്ചടക്ക നടപടിയിൽ സംസ്ഥാന നേതൃത്വത്തിൽ ഭിന്നാഭിപ്രായം. പാർട്ടി സമ്മേളനങ്ങൾ തീരുമാനിച്ച സാഹചര്യത്തിൽ അച്ചടക്ക നടപടികൾ സാധാരണയായി സിപിഎം സ്വീകരിക്കാറില്ല.
എന്നാൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പി.കെ. ശശിക്കതിരേയുള്ള നടപടി തിടുക്കത്തിലായിപ്പോയെന്ന അഭിപ്രായമാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചില നേതാക്കൾക്കുള്ളത്. ഈ നേതാക്കളുടെകൂടി പിന്തുണയോടെയാണു നടപടിക്കെതിരേ ശശി പാർട്ടി കണ്ട്രോൾ കമ്മീഷനിൽ അപ്പീൽ നൽകാൻ പോകുന്നത്.
സാന്പത്തിക ക്രമക്കേടാണ് ശശിക്കെതിരേ അച്ചടക്ക നടപടിയെടുക്കാനുള്ള കാരണം. ശശിക്കെതിരേ പാർട്ടിയിൽ നിന്നുതന്നെ ലഭിച്ചിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി രണ്ടംഗ കമ്മീഷനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ എന്നിവരായിരുന്നു കമ്മീഷനംഗങ്ങൾ. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പരാതികൾ ശരിവയ്ക്കുന്നതായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻകൂടി പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റാണു ശശിയെ ബ്രാഞ്ചിലേക്കു തരംതാഴ്ത്താൻ തീരുമാനിച്ചത്.