തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി. വേണു ഇന്ന് വിരമിക്കും. വയനാട് പുനരധിവാസ പാക്കേജിന് അന്തിമ രുപം നൽകിയശേഷമാണ് വിരമിക്കൽ.
വേണുവിന്റെ ഭാര്യ ശാരദ മുരളീധരനാണ് അടുത്ത ചീഫ് സെക്രട്ടറിയായി സ്ഥാന മേൽക്കുക. എട്ട് മാസമാണ് ശാരദ മുരളീധരന് ഇനി സർവീസ് ശേക്ഷിക്കുന്നത്.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഭർത്താവിൽനിന്ന് ഭാര്യ ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന വേണുവിന് വെള്ളിയാഴ്ച യാത്രയയപ്പ് നൽകിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്ത് ചീഫ് സെക്രട്ടറിയാകാൻ കഴിഞ്ഞതിൽ അഭിമാനമെന്നു ഡോ. വി. വേണു പറഞ്ഞു. മുഖ്യമന്ത്രി സ്നേഹവും വാത്സല്യവും വാരിക്കോരി നൽകി. എടോ എന്ന വിളിയിലെ സ്നേഹവും ചേർത്തുനിർത്തലും നേരിട്ടറിയാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
വി. വേണു ബഹുമുഖ വ്യക്തിത്വത്തിന് ഉടമയാണെന്നു സ്വീകരണം നൽകിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിവിൽ സർവീസ് രംഗത്തേക്കു കടന്നുവരുന്നവർക്ക് അദ്ദേഹം വലിയൊരു മാതൃകയാണ്.
അപൂർവം ചീഫ് സെക്രട്ടറിമാർക്കു മാത്രമേ അത്തരത്തിൽ ആകാൻ കഴിയൂ. കലയോടുള്ള ആഭിമുഖ്യം ഒരു ഘട്ടത്തിലും സർക്കാർ സംവിധാനത്തിൽ ബാധിച്ചില്ല. വേണുവിന്റെ കലയോടുള്ള ആഭിമുഖ്യം ചില വകുപ്പുകളിൽ ഗുണകരമാവുകയും ചെയ്തു എന്നും മുഖ്യമന്ത്രി പറഞ്ഞു.