കോഴിക്കോട്: കര്‍ണാടകത്തിലെ ഷിരൂരില്‍ റോഡില്‍ മണ്ണിടിഞ്ഞ് വീണു കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്കു സഹകരണ ബാങ്കില്‍ ജോലി നല്കി.
വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂണിയര്‍ ക്ളര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കാനുള്ള തീരുമാനം ബാങ്ക് അധികൃതര്‍ അര്‍ജുന്റെ വീട്ടിലെത്തി കുടുംബത്തെ ധരിപ്പിച്ചു. ഇപ്പോള്‍ താത്കാലികമായാണു നിയമനം. പിന്നീട് സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച് സര്‍വീസില്‍ സ്ഥിരപ്പെടുത്തും. അര്‍ജുന്റെ കുടുംബത്തിന് ആശ്വാസമെന്ന നിലയ്ക്കാണു ജോലി നല്‍കിയത്.
അതിനിടെ, അര്‍ജുന്റെ കുടുംബം നല്കിയ നിവേദനത്തിനു മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ രേഖാമൂലം മറുപടി നല്കി. ജില്ലാകളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് വീട്ടിലെത്തിയാണു മുഖ്യമന്ത്രിയുടെ മറുപടി കൈമാറിയത്.
കോടതി നിര്ദേശത്തതുടര്ന്ന് തെരച്ചില്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ എല്ലാവിധ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പിണറായി വിജയന്റെ കത്തില്‍ പറയുന്നു. അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യും.
സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഔദ്യോഗിക രേഖയായാണ് കളക്ടര്‍ കുടുംബത്തിനു കൈമാറിയത്. തെരച്ചിലിന്റെ നിലവിലെ അവസ്ഥയും മറ്റു കാര്യങ്ങളും അര്‍ജുന്റെ അമ്മ ഷീല കളക്ടറോടു വിശദീകരിച്ചു. അച്ഛന് പ്രേമന്, അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ എന്നിവരുമായും സംസാരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദും ഒപ്പമുണ്ടായിരുന്നു.
അര്‍ജുന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രിയോട് കുടുംബം ആശങ്ക അറിയിച്ചിരുന്നു. അതിന്റെ മറുപടിയായാണ് മുഖ്യമന്ത്രിയുടെ കത്ത് ജില്ലാ കളക്ടര്‍ വീട്ടില്‍ എത്തിച്ചത്.അതേസമയം, ഗംഗാവലി പുഴയില്‍ നിര്‍ത്തിവച്ച തെരച്ചില്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. തെരച്ചില്‍ പുനരാരംഭിക്കാന്‍ കര്‍ണാടക ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
തെരച്ചില്‍ അവസാനിപ്പിച്ചിട്ടില്ലെന്നും മോശം കാലാവസ്ഥ കാരണം താത്കാലികമായി നിര്ത്തിവച്ചതാണെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ദൗത്യം തുടരാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കുകയായിരുന്നു.