ലാഭേച്ഛയില്ലാതെ സ്കൂൾ തലത്തിൽ അറബിക് പഠനത്തെ പിന്തുണയ്ക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലെ പ്രമുഖ സർവ്വകലാശാലകൾ മുന്നോട്ട് വന്നിട്ടുണ്ട്.
സംസ്ഥാന കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിനോട് (എസ്‌സിഇആർടി) സഹകരിച്ച് പ്രവർത്തിക്കാനുള്ള നിർദേശം സൗദി അറേബ്യയിലെ സർവ്വകലാശാലകൾ മുന്നോട്ടു വച്ചിട്ടുണ്ട്. ഈ പദ്ധതി യാഥാർത്ഥ്യമായാൽ, ഇതാദ്യമായായിരിക്കും എസ്‌സിഇആർടി ഒരു വിദേശ രാജ്യവുമായി സഹകരിക്കുന്നത്.
പൊതുവിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, എംഎൽഎമാർ, ആസൂത്രണ ബോർഡ് പ്രതിനിധി എന്നിവരടങ്ങുന്ന എസ്‌സിഇആർടി ഗവേണിംഗ് ബോഡി ഈ വാഗ്ദാനം പരിഗണിക്കുകയും മറ്റൊരു രാജ്യവുമായുള്ള ബന്ധം ഉൾപ്പെടുന്നതിനാൽ സംസ്ഥാന സർക്കാരിന് കൈമാറാൻ തീരുമാനിക്കുകയും ചെയ്തു.
നിർദ്ദേശം പരിശോധിച്ച ശേഷം, അറബി പഠനത്തിനുള്ള പിന്തുണ എങ്ങനെ നൽകുമെന്നതിനെക്കുറിച്ച് ന്യൂഡൽഹിയിലെ സൗദി എംബസിയുമായി ചർച്ച നടത്താൻ സർക്കാർ എസ്‌സിഇആർടി ഡയറക്ടറെ ചുമതലപ്പെടുത്തി.
അധ്യാപകർക്കുള്ള പരിശീലനമാണ് തുടക്കത്തിൽ ഉണ്ടാവുക.
ഒന്നുകിൽ തിരഞ്ഞെടുത്ത അധ്യാപകരെ സൗദി അറേബ്യയിലെക്ക് അയച്ചു അവിടുത്തെ സർവകലാശാലകളിൽ നൽകുകയോ അല്ലെങ്കിൽ അവിടെ നിന്നുള്ള വിദഗ്ധർക്ക് കേരളത്തിലെത്തി ഇവിടെ പരിശീലനം നൽകുകയോ ചെയ്യാം.
കൂടുതൽ വിവരങ്ങൾ തുടർന്നുള്ള ചർച്ചകൾക്ക് ശേഷമേ അറിയാൻ സാധിക്കൂ. വിജയകരമാണെങ്കിൽ, ഈ വർഷം തന്നെ സഹകരണത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും.
നിലവിൽ എസ്‌സിഇആർടി തയ്യാറാക്കിയ അറബിക് പാഠങ്ങളാണ് സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾ പഠിക്കുന്നത്. സംസ്ഥാനത്തെ 5,509 സ്‌കൂളുകളിലായി 9.32 ലക്ഷം വിദ്യാർത്ഥികളാണ് അറബിക് പഠിക്കുന്നത്. 6,703 അധ്യാപകരാണ് ഇവർക്കുള്ളത്. 6,703 അറബിക് അധ്യാപകരാണ് നിലവിൽ ഉള്ളത്.
ഹയർസെക്കൻഡറി വിഭാഗത്തിൽ 3000 കുട്ടികളാണ് അറബിക് പഠിക്കുന്നത്. ഇവർക്കായി 200 അധ്യാപകരുണ്ട്.