പുതുക്കാട് (തൃശൂർ): റഷ്യൻ അതിർത്തിയിലുണ്ടായ യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ തൃക്കൂർ സ്വദേശിയുമെന്നു സ്ഥിരീകരിക്കാത്ത വിവരം. മരിച്ച യുവാവിന്റെ ബന്ധുക്കൾക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണം അടുത്ത ദിവസമേയുണ്ടാകൂ.
തൃക്കൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാണ് (36) റഷ്യൻ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യൻ പട്ടാള പട്രോളിംഗ് സംഘം കൊല്ലപ്പെട്ടതായും, ആശുപത്രിയിൽ മൃതദേഹം റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരിച്ചറിഞ്ഞതായും തൃക്കൂരിലെ വീട്ടിൽ അറിയിപ്പു ലഭിച്ചു. ശനി, ഞായർ ദിവസങ്ങൾ എംബസി അവധിയായതിനാൽ അധികൃതരുടെ അറിയിപ്പും ചിത്രങ്ങളും അടുത്തദിവസമേ ലഭിക്കൂ.
ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റ് ഏഴു പേരും റഷ്യയിലേക്കു പോയത്. മോസ്കോയിൽ റസ്റ്ററന്റിലെ ജോലിക്കെന്നാണു വീട്ടുകാരോടു പറഞ്ഞിരുന്നത്. എന്നാൽ, റഷ്യൻ സൈനിക ക്യാമ്പിലെ കാന്റീനിലാണു ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് പിന്നീട് അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോൾ പാസ്പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കൾ പറയുന്നു.
എന്നാൽ, സന്ദീപ് റഷ്യൻ പൗരത്വം സ്വീകരിച്ചതായും സൈന്യത്തിൽ ചേർന്നതായും വിവരമുണ്ട്. പൗരത്വം ലഭിക്കുന്നതിനു സൈന്യത്തിൽ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്. പൗരത്വ പ്രശ്നം മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എംബസി ഇടപെടുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കൾ.
സന്ദീപ് സൈനിക പരിശീലനത്തിലായിരുന്നതിനാൽ നാട്ടിലേക്ക് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. സന്ദീപ് ഉള്‍പ്പെട്ട സംഘത്തിനുനേരേ ആക്രമണമുണ്ടായെന്നു റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ വാട്സാപ്പ് സന്ദേശം പ്രചരിച്ചതോടെയാണു വിഷയം നാട്ടിലറിയുന്നത്. സന്ദീപിനെക്കുറിച്ച് വിവരങ്ങൾ അറിയണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കർ, സുരേഷ് ഗോപി, ജോര്‍ജ് കുര്യന് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. നോർക്ക വഴി റഷ്യയിലെ ഇന്ത്യൻ എംബസിയിലും ബന്ധുക്കള്‍ ബന്ധപ്പെട്ടിരുന്നു.