തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കരട് തീരദേശ പരിപാലന പ്ലാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിന് സമർപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തീരമേഖല (സിആർഇസഡ്) മൂന്നിൽനിന്നും സിആർസെഡ് രണ്ടിലേക്ക് തരം മാറ്റുന്നതിന് കേന്ദ്രത്തിലേക്ക് ശിപാർശ ചെയ്ത 175 നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളിൽ 66 പഞ്ചായത്തുകൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചിരുന്നു. ബാക്കി 109 പഞ്ചായത്തുകൾകൂടി സിആർഇസെഡ് രണ്ടിലേക്കു മാറ്റുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് തീരുമാനം.
2019ലെ കേന്ദ്ര തീരദേശ നിയന്ത്രണമേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയതും സംസ്ഥാന തീരപരിപാലന അഥോറിറ്റി അംഗീകരിച്ചതുമാണ് കരടു രേഖ.
സിആർസെഡ് രണ്ട്
താരതമ്യേന നിയന്ത്രണങ്ങൾ കുറഞ്ഞ ഭാഗമാണ് സിആർസെഡ് രണ്ട്. 66 ഗ്രാമപഞ്ചായത്തുകളെ സിആർസെഡ് മൂന്നിൽനിന്നു രണ്ടിലേക്കു മാറ്റിയിരുന്നു.
അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ അറ്റോമിക് മിനറൽ ശേഖരം ഉള്ളതിനാൽ അത്തരം പ്രദേശങ്ങളിൽ സിആർസെഡ് മൂന്നിലെ വ്യവസ്ഥകൾ ബാധകമാണ്.
സിആർസെഡ് മൂന്ന്
2011 ലെ ജനസംഖ്യ സാന്ദ്രത അനുസരിച്ച് ഒരു ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ഉള്ള വികസിത പ്രദേശങ്ങളെ മറ്റ് വികസന മാനദണ്ഡങ്ങൾകൂടി പരിഗണിച്ച് സിആർസെഡ് മൂന്ന് എ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിൽ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങൾ സിആർസെഡ് മൂന്ന് ബി വിഭാഗത്തിലും വരും. സിആർസെഡ് മൂന്ന് എ പ്രകാരം കടലിന്റെ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ വരെ വികസന രഹിത മേഖലയാണ്. നേരത്തേ ഇത് 200 മീറ്റർ വരെ ആയിരുന്നു.