ന്യൂജേഴ്സി: അമേരിക്കയിൽ ഇന്ത്യൻ വിദ്യാര്‍ഥിയെ വിമാനത്താവളത്തിൽ നിലത്ത് കമഴ്ത്തിക്കിടത്തി കൈവിലങ്ങ് വയ്ക്കുകയും കൈയാമം വച്ച് നാടുകടത്തുകയുംചെയ്ത സംഭവത്തിൽ വ്യാപക വിമർശനം.
ന്യൂവാർക്ക് വിമാനത്താവളത്തിൽ വച്ചാണ് ഇന്ത്യൻ വിദ്യാർഥിയോട് അധികൃതർ ക്രൂരമായി പെരുമാറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ജൂൺ ഏഴിന് താൻ യാത്ര ചെയ്യുന്ന അതേ വിമാനത്തിൽ കയറേണ്ടിയിരുന്ന വിദ്യാർഥിയെ വിമാനത്തിൽ കയറ്റാതെ കൈവിലങ്ങ് വയ്ക്കുകയും പിന്നീട് നാടുകടത്തുകയുമായിരുന്നുവെന്നു ജെയിൻ പറയുന്നു. നടപടിയെ “മനുഷ്യത്വരഹിതം’ എന്നും “മനുഷ്യ ദുരന്തം’ എന്നുമാണു ജെയിൻ വിശേഷിപ്പിച്ചത്.
“സ്വപ്നങ്ങളെ പിന്തുടർന്നു വന്നതായിരുന്നു അവൻ, അവൻ കരയുകയായിരുന്നു, ഒരു കുറ്റവാളിയെപ്പോലെയാണ് അവനോട് പെരുമാറിയത്. സംഭവത്തിൽ തനിക്ക് രോഷവും നിസഹായതയും തോന്നി എന്നും അദ്ദേഹം കുറിച്ചു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ തങ്ങളുടെ സന്ദർശനലക്ഷ്യം തെളിയിക്കാൻ കഴിയാതെ വരുന്നവരെ യുഎസിൽ വ്യാപകമായി നാടുകടത്തി വരികയാണ്.